ഇ.ഡി സമൻസ്: തോമസ് ഐസക്ക് ഹാജരാകേണ്ടെന്ന് ഹൈക്കോടതി

Tuesday 20 February 2024 12:19 AM IST

# കിഫ്ബി ഉദ്യോഗസ്ഥർ വിശദീകരണം നൽകാൻ നിർദ്ദേശം

കൊച്ചി: മസാല ബോണ്ട് കേസിലെ സമൻസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബി സി.ഇ.ഒ ഡോ.കെ.എം. എബ്രഹാമും ഇ.ഡിക്കു മുന്നിൽ ഉടൻ ഹാജരാകേണ്ടിവരില്ല. ഹൈക്കോടതി നിർദ്ദേശപ്രകാരം 27, 28 തീയതികളിൽ കിഫ്ബി ഫിനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജരും ഉദ്യോഗസ്ഥരും ഹാജരായി സമൻസിന് മറുപടി നൽകും. മസാല ബോണ്ടിലൂടെ സമാഹരിച്ച തുക എങ്ങനെ വിനിയോഗിച്ചെന്നതിൽ ഉദ്യോഗസ്ഥർ ഇ.ഡിക്ക് വിശദീകരണം നൽകണം. ഈ ഘട്ടത്തിൽ അറസ്റ്റോ മറ്റു നടപടികളോ മാനസിക പീഡനമോ പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. സത്യം പുറത്തുവരേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

ഇ.ഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെ ഹർജിയും കിഫ്ബിയുടെ ഹർജിയിലെ തുടർനടപടികളും മാർച്ച് 7ന് പരിഗണിക്കും.

മസാല ബോണ്ട് വ്യക്തിപരമായ തീരുമാനമായിരുന്നില്ലെന്ന് തോമസ് ഐസക്കിന്റെ അഭിഭാഷകൻ ആവർത്തിച്ചു. സി.ഇ.ഒ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് കിഫ്ബിയും വാദിച്ചു. ഒരു സ്ഥാപനത്തിൽ അന്വേഷണം നടക്കുമ്പോൾ തലപ്പത്തുള്ളവർ മറുപടി പറയാൻ ബാദ്ധ്യസ്ഥരാണെന്ന് ഇ.ഡിയുടെ അഭിഭാഷകൻ പറഞ്ഞു. തോമസ് ഐസക്കിന് എല്ലാമറിയാം. ഫണ്ട് വിനിയോഗത്തെക്കുറിച്ച് ചോദിച്ചറിയാനാണ് വിളിപ്പിച്ചതെന്നും ആരെയും പ്രതിയാക്കിയിട്ടില്ലെന്നും ഭയക്കേണ്ടതില്ലെന്നും ഇ.ഡി വ്യക്തമാക്കി.