ടി.പി വധക്കേസ് വിധി സി.പി.എമ്മിന് വിന

Tuesday 20 February 2024 1:13 AM IST

കൊച്ചി: ടി.പി. ചന്ദ്രശേഖരനെ വധിക്കാൻ വാടകക്കൊലയാളികളുമായി സി.പി.എം നേതാക്കൾ നടത്തിയ ഗുഢാലോചനകൾ അക്കമിട്ടു നിരത്തുന്ന ഹൈക്കോടതി വിധി പാർട്ടിയെ പ്രതിരോധത്തിലാക്കും. ശിക്ഷിക്കപ്പെട്ട പ്രാദേശിക നേതാക്കളായ കെ.സി. രാമചന്ദ്രനും പി.കെ. കുഞ്ഞനന്തനും പുറമേ കെ.കെ. ക‌ൃഷ്ണനും ജ്യോതിബാബുവും തടവറയിലേക്കുള്ള പാതയിലുമാണ്. അതേസമയം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ കുറ്റമുക്തനാക്കിയ നടപടി ശരിവച്ചത് പാർട്ടിക്ക് പിടിവള്ളിയായി.

സി.പി.എം വിട്ട ടി.പി. ചന്ദ്രശേഖരൻ ആർ.എം.പി രൂപീകരിച്ചപ്പോൾ മുതൽ രാഷ്ട്രീയവിരോധമുണ്ടായിരുന്നതായി ഹൈക്കോടതി വിലയിരുത്തി. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ടി.പിയുടെ സ്ഥാനാർത്ഥിത്വം സി.പിഎമ്മിന്റെ പരാജയത്തിനിടയാക്കിയതോടെ വൈരാഗ്യം വർദ്ധിച്ചു. ആക്രമണസാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പും നൽകി. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അത് കെ.കെ. കൃഷ്ണൻ, കെ.സി. രാമചന്ദ്രൻ, മോഹനൻ തുടങ്ങിയവരുടെ അറിവോടെയാകുമെന്ന് ഭാര്യ രമയോട് ടി.പി പറഞ്ഞിരുന്നു.

ടി.പി ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് 2012 ഫെബ്രുവരിയിൽ പൊതുവേദിയിൽ കെ.കെ. കൃഷ്ണൻ പ്രസംഗിച്ചു. ഈ പ്രസംഗം ചില ലക്ഷ്യങ്ങൾ മുൻനിറുത്തിയാണെന്നു കരുതാവുന്നതാണ്. കെ.സി. രാമചന്ദ്രനും അവിടെ സന്നിഹിതനായിരുന്നു.

ആ വർഷം ഏപ്രിൽ രണ്ടിനും 20നുമിടയിൽ സി.പി.എം പ്രവർ‌ത്തകരായ പി.കെ. കുഞ്ഞനന്തൻ, കെ.സി. രാമചന്ദ്രൻ, ജ്യോതിബാബു എന്നിവരും ട്രൗസർ മനോജനുമായി 32 ഫോൺ വിളികൾ നടത്തി. 20ന് കുഞ്ഞനന്തന്റെ പാറാട്ട് വീട്ടിൽ കെ.സിയും മനോജനും കണ്ടുമുട്ടി. നാല് ദിവസത്തിനകം കിർമാണി മനോജ്, മുഹമ്മദ് ഷാഫി, കെ.സി. രാമചന്ദ്രൻ, ജ്യോതിബാബു, കുഞ്ഞനന്തൻ എന്നിവർ തമ്മിൽ 16 ഫോൺ സംഭാഷണങ്ങൾ നടന്നു.

2012 ഏപ്രിൽ 10ന് മുഖ്യപ്രതികളായ അനൂപ്, കൊടി സുനി, കെ.സി രാമചന്ദ്രൻ, ജ്യോതിബാബു, മനോജൻ എന്നിവർ ചൊക്ലിയിലെ സമീറ ക്വാർട്ടേഴ്സിൽ കൂടിക്കാഴ്ച നടത്തിയതിന് തെളിവുണ്ട്.

ടി.പി കൊല്ലപ്പെടുന്നത് 2012 മേയ് നാലിനാണ്. തലേന്ന് വരെ സി.പി.എം നേതാക്കളും കൃത്യത്തിൽ പങ്കെടുത്തവരും തമ്മിൽ സമ്പർക്കമുണ്ടായിരുന്നു. കൊലയാളി സംഘാംഗങ്ങളും പ്രതിചേർക്കപ്പെട്ട നേതാക്കളുമായി ഗുഢാലോചന നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.

കൊലയാളി സംഘത്തിലെ ആറുപേ‌ർക്കെതിരേ വിചാരണക്കോടതി ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നില്ല. എന്നാൽ, ഇവരുമായി കെ.സി. രാമചന്ദ്രൻ, പി.കെ. കുഞ്ഞനന്തൻ, ജ്യോതിബാബു എന്നിവർ നിരന്തര സമ്പർക്കം പുലർത്തിയിരുന്നു.

ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെ.കെ. കൃഷ്ണനെയും ജ്യോതിബാബുവിനെയും കൊലപാതക ഗൂഢാലോചനയിൽ വീണ്ടും പ്രതിചേർത്തതും ആറു പ്രതികൾക്കെതിരേ ഗൂഢാലോചനക്കുറ്റം അധികമായി ചുമത്തിയതും.