''ചുകപ്പ്, അത് ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് മരിച്ചിട്ടും ഒരിക്കൽ കൂടി ഉറക്കെ പറയുന്ന  ടി പി''

Tuesday 20 February 2024 7:07 AM IST

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവയ‌്ക്കുകയും, രണ്ടു പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കുകയും ചെയ‌്ത ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. 'ചുകപ്പ്, അത് ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് മരിച്ചിട്ടും ഒരിക്കൽ കൂടി ഉറക്കെ പറയുന്ന ടിപി'' എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. വെട്ടിയരിഞ്ഞിട്ടും മുറിവ് കൂടി ഉയിർത്തെഴുന്നേൽക്കുന്ന സഖാവ് എന്നും ടി.പി ചന്ദ്രശേഖരനെ ഹരീഷ് വിശേഷിപ്പിച്ചു.

വെട്ടിയരിഞ്ഞിട്ടും മുറിവ് കൂടി ഉയിർത്തെഴുന്നേൽക്കുന്ന സഖാവ് TP..ചുകപ്പ് അത് ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് മരിച്ചിട്ടും ഒരിക്കൽ കൂടി ഉറക്കെ പറയുന്ന TP ...സഖാവ്..ലാൽസലാം..💪💪💪🌷🌷🌷❤️❤️❤️

Posted by Hareesh Peradi on Monday, 19 February 2024

11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച ഹൈക്കോടതി രണ്ടു പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കി ശിക്ഷാവിധി കടുപ്പിച്ചു. ഒൻപത് കുറ്റവാളികളുടെ ശിക്ഷ വർദ്ധിപ്പിക്കുന്നതിനായി അവരെ കോടതിയിൽ ഹാജരാകാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ കുറ്റവിമുക്തനാക്കിയ നടപടി ശരിവച്ചു.

സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗമായിരുന്ന കെ.കെ. കൃഷ്ണൻ, കണ്ണൂ‌ർ കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിയംഗമായിരുന്ന ജ്യോതിബാബു എന്നിവരെ വെറുതേവിട്ടതാണ് റദ്ദാക്കിയത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാനവിധി. ഒന്നു മുതൽ എട്ടു വരെ പ്രതികളായ എം.സി. അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജൻ, 13-ാം പ്രതി പി.കെ. കുഞ്ഞനന്തൻ, 18-ാം പ്രതി വാഴപ്പടച്ചി റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവുശിക്ഷയാണ് ഹൈക്കോടതി ഇന്നലെ ശരിവച്ചത്. 31-ാം പ്രതി ലംബു പ്രദീപിന്റെ മൂന്നുവർഷം തടവുശിക്ഷയും നിലനിൽക്കും.

വിചാരണക്കോടതി ഒഴിവാക്കിയ ഗൂഢാലോചനക്കുറ്റം ഒന്നു മുതൽ 5 വരെ പ്രതികൾക്കും 7-ാം പ്രതിക്കും അധികമായി ചുമത്തി. വാഴപ്പടച്ചി റഫീഖിന്റെ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കി. ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ കുഞ്ഞനന്തൻ 2020ൽ മരിച്ചതിനാൽ അയാൾക്കെതിരായ നടപടികൾ അവസാനിപ്പിക്കും.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും പി. മോഹനൻ അടക്കമുള്ളവരെ വെറുതേവിട്ടതിനെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എൽ.എ നൽകിയ അപ്പീലും ഡിവിഷൻ ബെഞ്ച് പരിഗണിച്ചിരുന്നു. രമയുടെ അപ്പീൽ ഭാഗികമായി അനുവദിച്ചാണ് കൃഷ്ണനെയും ജ്യോതിബാബുവിനെയും വെറുതേവിട്ട നടപടി റദ്ദാക്കിയത്. മറ്റു പ്രതികളുടേതിന് സമാനമായ ശിക്ഷ ഇവ‌ർ നേരിടേണ്ടിവരും.

Advertisement
Advertisement