പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഐസിയുവിൽ

Tuesday 20 February 2024 10:43 AM IST

കൊച്ചി: പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്‌‌‌‌‌‌ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മഅ്‌‌‌‌‌‌ദനി ഇപ്പോൾ. എന്താണ് അസുഖമെന്ന് വ്യക്തമല്ല. ബംഗളൂരു സ്ഫോടനക്കേസിൽ ഉപാധികളോടെ ജാമ്യത്തിലായിരുന്ന മഅ്‌‌‌‌‌‌ദനി കഴിഞ്ഞ ജൂലായിലാണ് കേരളത്തിലെത്തിയത്. ബംഗളൂരു വിട്ട് പോകരുതെന്ന് ആദ്യം ജാമ്യവ്യവസ്ഥയുണ്ടായിരുന്നു. രോഗബാധിതനായി കഴിയുന്ന പിതാവിനെ കാണാൻ കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി കഴിഞ്ഞ ഏപ്രിലിൽ മഅ്‌‌‌‌‌‌ദനിക്ക് അനുമതി നൽകി. എന്നാൽ പൊലീസ് നടപടിക്രമങ്ങൾ മൂലം യാത്ര വൈകി. ജൂൺ 26ന് കൊച്ചിയിൽ എത്തിയി​രുന്നെങ്കിലും യാത്രാമദ്ധ്യേ ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ വാപ്പയെ കാണാതെ മടങ്ങേണ്ടിയും വന്നു. അതിന് പിന്നാലെ ചികിത്സയ്ക്ക് ജാമ്യം തേടി സമീപിച്ചപ്പോഴാണ് സുപ്രീം കോടതി സ്ഥിരമായി നാട്ടിൽ തങ്ങാനുള്ള അനുമതി നൽകിയത്.

2008 ലാണ് ബംഗളൂരുവിൽ സ്ഫോടനമുണ്ടായത്. തുടർന്ന് കർണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്‌തു. വിചാരണത്തടവുകാരനായി കഴിയവേ സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടെ ജന്മനാട്ടിലേക്ക് പലതവണ വന്നിരുന്നു. അപ്പോഴെല്ലാം കർണാടക പൊലീസിന്റെ പ്രത്യേക കാവലുണ്ടായിരുന്നു.