വർക്കലയിൽ യുവാവിന്റെ മൃതദേഹം നായ്‌ക്കൾ തിന്നു; ശരീരത്തിന്റെ പകുതി നഷ്ടമായി

Tuesday 20 February 2024 1:05 PM IST

തിരുവനന്തപുരം: ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം നായ്‌ക്കൾ കടിച്ചുകീറിയ നിലയിൽ. തിരുവനന്തപുരം വർക്കല ചാവർകോടാണ് സംഭവം. ചാവർകോട് ഗാംഗാലയം വീട്ടിൽ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു.

ശരീരത്തിന്റെ പകുതിഭാഗം നായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. ആളൊഴിഞ്ഞ പുരയിടത്തിൽ പറങ്കിമാവിന്റെ ചുവട്ടിലായാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ ഇന്നലെ രാത്രി നാട്ടുകാർ തെരച്ചിൽ നടത്തുകയായിരുന്നു.

അജിത്തിന് കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇയാൾ ഉപദ്രവിച്ചുവെന്ന് കാണിച്ച് ഭാര്യ മുൻപ് പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി നടപടികൾ പൂ‌ർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

വർക്കലയിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പാളയംകുന്ന് സ്വദേശി ഗോകുലിനെയാണ് ഇന്നുരാവിലെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ്.

ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നും ഇതാകാം മരണകാരണമെന്നും പൊലീസ് സംശയിക്കുന്നു. അസ്വാഭാവിക മരണത്തിന് അയിരൂർ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.