ഓയിൽ പാം ഇന്ത്യയ്‌ക്ക് ഉത്പാദനക്ഷമത അവാർഡ്

Wednesday 21 February 2024 4:17 AM IST

കോട്ടയം: കേരള സ്‌റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ 2023ലെ ഏറ്റവും നല്ല പെർഫോമൻസിനുള്ള എം.കെ.കെ നായർ ഉത്പാദന ക്ഷമത അവാർഡ് (മീഡിയം വിഭാഗം) ഓയിൽ പാം ഇന്ത്യയ്ക്ക് ലഭിച്ചു. കമ്പനികളുടെ സാമ്പത്തിക പ്രകടനം, ഉത്പാദനക്ഷമത, ഓപ്പറേഷൻസ്, ഡെവലപ്‌മെന്റ്, ട്രേഡ് യൂണിയൻ വിഷയങ്ങൾ, ടെക്‌നോളജി തുടങ്ങി വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. ഓയിൽപാം ഇന്ത്യ 2022-23 സാമ്പത്തിക വർഷത്തിൽ ഉയർന്ന ഉത്പാദനവും റെക്കാഡ് വിറ്റുവരവും ലാഭവും നേടിയിരുന്നു. ഓയിൽ പാമിന് കൊല്ലം ജില്ലയിൽ ഏരൂർ, ചിതറ, കുളത്തുപ്പുഴ എന്നിവിടങ്ങളിലായി 3636 ഹെക്ടറിൽ എണ്ണപ്പന തോട്ടവും ഒരു മണിക്കൂറിൽ 20 എം.ടി എണ്ണക്കുരു സംസ്‌കരിക്കുന്നതിനാവശ്യമായ ഫാക്ടറിയുമുണ്ട്. കൂടാതെ, കോട്ടയം വൈക്കത്ത് അരിമില്ലും തൊടുപുഴയിൽ എണ്ണപ്പന വിത്ത് ഉത്പാദന യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ഓഫീസ് കളമശേരിയിൽ നടന്ന ചടങ്ങിൽ ദേശീയ പ്രൊഡക്ടിവിറ്റി കൗൺസിൽ ഡയറക്ടർ ജനറൽ എസ്.ഗോപാല കൃഷ്ണൻ അവാർഡ് സമ്മാനിച്ചു. ഓയിൽപാം ഇന്ത്യയ്ക്ക് വേണ്ടി ചെയർമാൻ അഡ്വ.ആർ.രാജേന്ദ്രൻ, മാനേജിംഗ് ഡയറക്ടർ ജോൺ സെബാസ്റ്റ്യൻ, ഡയറക്ടർ അജയ പ്രസാദ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.