യുവജനങ്ങൾ നാടിന്റെ മുഖം: മുഖ്യമന്ത്രി
തിരുവനന്തപുരം: യുവജനങ്ങൾ നാടിന്റെ മുഖമാണെന്നും അത് വാടാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി സംവദിക്കുന്ന മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കളുടെ പ്രശ്നങ്ങളെക്കുറിച്ച് സർക്കാരിനു ഏകദേശ ധാരണയുണ്ട്. അവരുടെ അഭിപ്രായങ്ങൾ സർക്കാർ നയങ്ങളിൽ പ്രതിഫലിക്കും. ശാസ്ത്രവും സാങ്കേതികവിദ്യയും സാമൂഹിക- സാമ്പത്തിക പുരോഗതിക്കും സാമൂഹ്യപരിവർത്തനത്തിനും ഉപകാരപ്പെടുത്താനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജി, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉൾപ്പെടെ വിവിധ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ, ഡിഫൻസ് പാർക്ക്, സ്പേസ് പാർക്ക്, എ.ഐ ക്യാമറ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുന്നത്. കാർഷികവൃത്തിയിലേക്കു യുവാക്കളെ ആകർഷിക്കണം. കഴിഞ്ഞ സാമ്പത്തികവർഷം 1,39,000ലധികം സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ടു. മൂന്നു ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ലഭ്യമായി.
ഉന്നതവിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് ലോക തൊഴിൽ വിപണിയിലേക്കുള്ള അവസരങ്ങൾ തുറന്നു നൽകുന്നതിനായി ഇടപെടലുകൾ നടത്തുകയാണ്. ആശയങ്ങളെ ഉത്പന്നങ്ങളാക്കി പരിവർത്തിപ്പിക്കാൻ യുവാക്കൾക്കു പിന്തുണ നൽകുന്ന സ്റ്റാർട്ടപ്പ് നയമാണ് സർക്കാർ നടപ്പാക്കുന്നത്. ഓൺലൈൻ ഡെലിവറി ഏജന്റുമാർക്കായി ക്ഷേമനിധി രൂപീകരിക്കുന്നത് പരിഗണനയിലാണ്. ഗാർഹിക തൊഴിലാളി (നിയന്ത്രണവും ക്ഷേമവും) ബില്ലിലൂടെ ഹോം നഴ്സുമാർക്കും വീട്ടുജോലിക്കാർക്കും ന്യായമായ വേതനവും ആരോഗ്യ ആനുകൂല്യങ്ങളും ശമ്പളത്തോടുകൂടിയ അവധിയും ലഭ്യമാക്കും.
കേരളത്തിൽ വ്യവസായങ്ങൾ വളരുന്നില്ലായെന്നും ഇവിടെ നിക്ഷേപങ്ങൾ നടത്താൻ കഴിയില്ലെന്നും പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ്. കേരളത്തിലെ പുതിയ കായികനയം യുവജനങ്ങളെ മുന്നിൽക്കണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രതിസന്ധികളും വിഷമങ്ങളും മറികടന്ന് മുന്നോട്ടുപോകണമെന്നും യുവജനങ്ങളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി സജിചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എ.എ.റഹീം എം.പി, മേയർ ആര്യ രാജേന്ദ്രൻ, വി.കെ.പ്രശാന്ത് എം.എൽ.എ, സംവിധായകനും നടനുമായ ബേസിൽ ജോസഫ്, അർജുൻ അശോക്, അനശ്വര രാജൻ, വിധു പ്രതാപ്, പി.യു.ചിത്ര, നിലീന അത്തോളി, ബി.കെ.ഹരിനാരായണൻ, അബിൻ ജോസഫ്, ഡോ. അമ്പിളി, എൻ.കെ.ഷബിത, ശ്യാമ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
യുവാക്കൾ വിദേശത്തേക്കു പോകുന്നത് ബ്രെയിൻ ഡ്രെയിനല്ല
തിരുവനന്തപുരം: യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്കു പോകുന്നതിനെ കേവലം ബ്രെയിൻ ഡ്രെയിനായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമൂഹ്യ മൂലധനത്തെ ലോകത്താകെ വിന്യസിക്കുന്ന പ്രക്രിയയായി ഇതിനെ കാണണം.
സ്വകാര്യ ഏജൻസികളുടെ തട്ടിപ്പുകളിൽ നിന്ന് തൊഴിലന്വേഷകരെ മോചിപ്പിച്ചുകൊണ്ടാണ് ഒഡെപെക് സംവിധാനം നടപ്പാക്കിയിട്ടുള്ളത്. കഴിഞ്ഞ നാലുവർഷം കൊണ്ട് 1,625 പേരെയാണ് ഒഡെപെക്കിലൂടെ റിക്രൂട്ട് ചെയ്തത്. വിദ്യാർത്ഥികൾക്ക് വിദേശരാജ്യങ്ങളിൽ പഠിച്ച് ഉന്നതബിരുദം നേടുന്നതിനും ഉന്നതജോലി ഉറപ്പാക്കുന്നതിനും 'സ്റ്റഡി എബ്രോഡ്' പദ്ധതിയുമുണ്ട്.
ഇന്ത്യയിൽ ഏറ്റവും മികച്ച തൊഴിൽ സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്നാണ് ഇന്ത്യ സ്കിൽസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 18നും 21നും ഇടയിലുള്ള പ്രായക്കാരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം കേരളത്തിനാണ്. പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്ന നഗരങ്ങളിൽ കൊച്ചി രണ്ടാമതും തിരുവനന്തപുരം നാലാമതുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖാമുഖത്തിൽ ചോദ്യവുമായി സായാ റോബോട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രി യുവതയുമായി നടത്തിയ മുഖാമുഖത്തിൽ ചോദ്യവുമായി സായാ റോബോട്ട്. ഡിജിറ്റൽ സയൻസ് പാർക്കിന്റെ നിർമാണങ്ങളിലും സജ്ജീകരണങ്ങളിലും അവിടെ പ്രദർശിപ്പിക്കപ്പെടുന്ന സാങ്കേതിക ഉത്പന്നങ്ങളുടെ കാര്യത്തിലും കേരളത്തിലെ റോബോട്ടിക് സ്റ്റാർട്ടപ്പ്, വ്യാവസായിക മേഖലയ്ക്ക് എത്രത്തോളം പങ്കാളിത്തമുണ്ടാകുമെന്ന ചോദ്യമാണ് റോബോട്ട് ഉന്നയിച്ചത്.
ഡിജിറ്റൽ സയൻസ് പാർക്കിൽ പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുമെന്നും അവിടെ പ്രദർശനത്തിന് കേരളത്തിലെ റോബോട്ടിക് സ്റ്റാർട്ടപ്പുകൾക്ക് അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയും നൽകി. അസിമോവ് റോബോട്ടിക്സ് നിർമ്മിച്ച സായാറോബോട്ടാണ് ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ വേദിയിലേക്ക് കൈകൊടുത്തു സ്വീകരിച്ചത്. സംവിധായകൻ ബേസിൽ ജോസഫിന്റെ സെൽഫിക്ക് മുഖ്യമന്ത്രിക്കൊപ്പം നിൽക്കാനും റോബോട്ട് തയ്യാറായി.
ആശയങ്ങളും ആശങ്കകളുമായി
മുഖ്യമന്ത്രിയുടെ മുഖാമുഖം
ഗോപിക നാഷ്
തിരുവനന്തപുരം: ''കോളേജ് പഠനകാലത്ത് മാതാപിതാക്കൾ എന്നോട് ഒന്നേ പറഞ്ഞുള്ളൂ... രാഷ്ട്രീയത്തിൽ ചേരരുത്. എന്നാൽ ഞാൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു. അതിൽ നിന്നു ഒരു കുറവുമുണ്ടായില്ല."" സംവിധായകനും നടനുമായ ബേസിൽ ജോസഫ് പറഞ്ഞു.
താരങ്ങളാൽ സമ്പന്നമായ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ താരങ്ങളും തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളും തങ്ങളുടെ ആശയങ്ങളും ആശങ്കകളും മുഖ്യമന്ത്രിയുമായി പങ്കുവച്ചു.
പക്വതയുള്ള രാഷ്ട്രീയബോധം വച്ചുപുലർത്തുന്ന യുവതലമുറയെ എങ്ങനെ സൃഷ്ടിക്കാനാവുമെന്ന ബേസിലിന്റെ ചോദ്യത്തിനു രാഷ്ട്രീയത്തിലൂടെ നല്ല യുവതയെ സമൂഹത്തിനു സംഭാവന ചെയ്യാനാകുമെന്നു മുഖ്യമന്ത്രി മറുപടി നൽകി.
വരും തലമുറയ്ക്ക് സിനിമ മേഖലയിലേക്ക് കടന്നു വരുന്നതിനു സർക്കാർ പിന്തുണയുണ്ടാവുമോ എന്നായിരുന്നു നടൻ അർജുൻ അശോകന്റെ ചോദ്യം. ഐ.എഫ്.എഫ്.കെയിൽ മറ്റു ജില്ലകളേയും ഉൾപ്പെടുത്തണമെന്ന ആവശ്യം നടി അനശ്വര രാജൻ പങ്കുവച്ചപ്പോൾ, കലാകാരൻമാരെ സമൂഹത്തിനു സംഭാവന ചെയ്യാൻ ആവശ്യമായ സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ഗായകൻ വിധു പ്രതാപ് ചൂണ്ടിക്കാട്ടി. ക്ഷേത്ര കലാകാരൻമാരനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വിഷമതകളുമായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ തരുൺമൂർത്തിക്ക് പറയാനുണ്ടായിരുന്നത്. യൂട്യൂബർമാരും തങ്ങളുടെ ആശങ്കകളും പ്രതീക്ഷകളും മുഖ്യമന്ത്രിയോടു പങ്കുവച്ചു.
കല, സാംസ്കാരിക മേഖലയിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. വിദ്യാഭ്യാസം, ആരോഗ്യം, അന്ധവിശ്വാസം, കാർഷികം, സംരംഭം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ആശയങ്ങളും അഭിപ്രായങ്ങളും പരിപാടിയിൽ ഉന്നയിച്ചു.