വിമാനത്തിലെ ലഗേജുകൾ പത്തുമിനിറ്റിനുള്ളിൽ നൽകണം
തിരുവനന്തപുരം: വിമാനത്തിന്റെ എൻജിൻ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജുകൾ കൺവെയർബെൽറ്റിൽ എത്തിക്കണമെന്ന് കർശനനിർദ്ദേശം. അരമണിക്കൂറിനുള്ളിൽ എല്ലാ ലഗേജുകളും ബെൽറ്റിൽ എത്തിയിരിക്കണം. ഫെബ്രുവരി 26 മുതൽ ഇത് പ്രാബല്യത്തിൽ വരും. എട്ട് കൺവേയർബെൽറ്റുകൾ വേണ്ടിടത്ത് തിരുവനന്തപുരം വിമാനത്താവളത്തിലുള്ളത് നാലെണ്ണമാണ്. ഇതിലൊന്ന് ആഭ്യന്തര യാത്രക്കാർക്കായി മാറ്റിയിരിക്കുകയാണ്. നിലവിൽ ഒരു വിമാനത്തിലെ ലഗേജുകൾപൂർണമായും പുറത്തെത്തുന്നതിന് രണ്ടു മണിക്കൂറിലധികമാണ് എടുക്കുന്നത്.
കേന്ദ്രവ്യോമയാന മന്ത്രിയുടെ നിർദ്ദേശപ്രകാരം രാജ്യത്തെ ഏഴ് പ്രധാന വിമാനത്താവളങ്ങളിൽ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നടത്തിയ പരിശോധനയിൽ യാത്രക്കാരുടെ ലഗേജുകൾ എത്തിക്കുന്ന കാര്യത്തിൽ തിരുവനന്തപുരം വിമാനത്താവളം ഏറെ പിന്നിലാണന്ന് കണ്ടെത്തി. വിദേശത്ത് നിന്നും എത്തുന്ന സ്ത്രീകൾ ഉൾപ്പെടെ പ്രായമായ യാത്രക്കാർ എമിഗ്രേഷൻ,കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞ് ലഗേജിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണിപ്പോൾ.