കേരള വാഴ്സിറ്റിയിലെ വിവാദ സെനറ്റ്: രജിസ്ട്രാറോട് വിശദീകരണം തേടാൻ ഗവർണർ

Wednesday 21 February 2024 1:12 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദ സെനറ്റ് യോഗം റദ്ദാക്കും മുൻപ് രജിസ്ട്രാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകും. പ്രോ ചാൻസലറുടെ ഇല്ലാത്ത അധികാരത്തിൽ മന്ത്രി ആർ. ബിന്ദു അദ്ധ്യക്ഷയായ യോഗം റദ്ദാക്കാതിരിക്കാൻ ഏഴ് ദിവസത്തിനകം കാരണം ബോധിപ്പിക്കാനാണിത്. കോടതിയിൽ തിരിച്ചടിയേൽക്കാതിരിക്കാനാണ് നടപടിക്രമം പൂർണമായി പാലിക്കുന്നത്.

മുൻപ് സാങ്കേതിക സർവകലാശാലയിൽ വി.സിയായിരുന്ന പ്രൊഫ. സിസാ തോമസിനെ നിയന്ത്രിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാനുള്ള സിൻഡിക്കേറ്റ്, ബോർഡ് ഒഫ് ഗവേണൻസ് പ്രമേയം വിശദീകരണം തേടാതെ റദ്ദാക്കിയതിന് കോടതിയിൽ ഗവർണർക്ക് തിരിച്ചടിയേറ്റിരുന്നു.

മന്ത്രി അദ്ധ്യക്ഷയായ സെനറ്റ് യോഗം റദ്ദാക്കാമെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. വാഴ്സിറ്റി നിയമപ്രകാരം സെനറ്റ്, സിൻഡിക്കേറ്റടക്കം സമിതികളുടെ അദ്ധ്യക്ഷൻ വൈസ്ചാൻസലറാണ്. പ്രോ ചാൻസലർക്ക് യോഗത്തിൽ പങ്കെടുക്കാമെങ്കിലും അദ്ധ്യക്ഷനാകാനാവില്ല. ചാൻസലറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ പ്രോ ചാൻസലർക്ക് വഹിക്കാം. പക്ഷേ അതിന് ചാൻസലറുടെ രേഖാമൂലമുള്ള നിർദ്ദേശം വേണം.

യോഗത്തിൽ അദ്ധ്യക്ഷയാവണമെന്ന് രാജ്ഭവനോ ചാൻസലറോ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ലെന്ന് സെനറ്റ് പ്രമേയം പാസാക്കിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയും രജിസ്ട്രാറും ഒപ്പിട്ടയച്ച മിനുട്ട്സിനും നിയമസാധുതയില്ല. മിനുട്ട്സ് പരിശോധിക്കാൻ വി.സിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

 വി.സിയുടെ റിപ്പോർട്ട് ഇന്ന്

വിവാദ സെനറ്റിനെക്കുറിച്ച് വി.സി ഡോ. മോഹനൻ കുന്നുമ്മേൽ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും. യോഗം വിളിച്ചതും അദ്ധ്യക്ഷനാവേണ്ടതും താനാണെന്ന് അറിയിച്ചിട്ടും മന്ത്രി നിർബന്ധപൂർവം ഏറ്റെടുക്കുകയായിരുന്നെന്ന് വി.സി ഗവർണറെ അറിയിക്കും. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടെന്ന പ്രമേയം സെനറ്റിൽ ചർച്ച ചെയ്യുകയോ പാസാക്കുകയോ ചെയ്തിട്ടില്ലെന്നും ഗവർണറുടെ പ്രതിനിധികളും കോൺഗ്രസ് അംഗങ്ങളും ഓരോ പേരുകൾ വീതം നാമനിർദ്ദേശം ചെയ്തെന്നും വി.സിയുടെ റിപ്പോർട്ടിലുണ്ട്.