കളക്‌ടറേറ്റിലെ ജീവനക്കാർക്ക് വിയർക്കാതെ ജോലി ചെയ്യാം; കുടിശ്ശിക അടയ്‌‌‌ക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെ 'കറന്റ്' വന്നു

Wednesday 21 February 2024 9:42 AM IST

കൊച്ചി: എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി ബന്ധം പൂർണമായും പുന:സ്ഥാപിച്ചു. എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് കെ എസ് ഇ ബി അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് നടപടി.


കഴിഞ്ഞ ദിവസമാണ് കുടിശ്ശിക തീർക്കാനുള്ളതിനാൽ കെ എസ് ഇ ബി കളക്‌ടറേറ്റിലെ ഫ്യൂസൂരിയത്. 60 ലക്ഷമാണ് കുടിശ്ശിക. വൈദ്യുതി ബന്ധം കെ എസ് ഇ ബി വിച്ഛേദിച്ചതോടെ 30ലേറെ ഓഫീസുകളുടെ പ്രവർത്തനം നിലച്ചിരുന്നു.

ഫാനും എ സിയും നിലച്ചതോടെ ജീവനക്കാർ കൊടുംചൂടിൽ ഉരുകി. സേവനങ്ങൾ പ്രതീക്ഷിച്ചെത്തിയ ജനങ്ങളും വലഞ്ഞു. വിച്ഛേദിക്കപ്പെട്ട വൈദ്യുതി പുന:സ്ഥാപിക്കാൻ നടപടി ആവശ്യപെട്ട് ജോയിന്റ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖലാ കമ്മറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.കുടിശ്ശിക മാർച്ച് 31നുള്ളിൽ തീർക്കുമെന്ന് കളക്‌ടർ ഉറപ്പ് നൽകിയതോടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ തീരുമാനമായത്.

പലവട്ടം അറിയിപ്പ് നൽകിയതാണെന്നും കളക്ഷൻ എഫിഷ്യൻസി 99.5നു മുകളിൽ വേണമെന്നാണ് നിർദേശമെന്നും കളക്ടർ ഉറപ്പ് നൽകിയാൽ വൈദ്യുതി പുന:സ്ഥാപിക്കുമെന്നും കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ റെജികുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement