37കാരനായ ഗ്രാൻഡ് മാസ്റ്ററെ വീഴ്ത്തി എട്ടുവയസുകാരനായ അശ്വത് കൗശിക്ക്, നേടിയത് അട്ടിമറി ജയം

Wednesday 21 February 2024 9:48 AM IST

സിംഗപ്പൂർ: ക്ലാസിക്കൽ ചെസിൽ ഗ്രാൻഡ്മാസ്റ്റർക്കെതിരെ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ വംശജനായ അശ്വത് കൗശിക്. കഴിഞ്ഞ ദിവസം സ്വിറ്റ്സർലാൻഡിൽ നടന്ന ടൂർണമെന്റിലാണ് എട്ട് വയസ് മാത്രമുള്ള അശ്വത് ഗ്രാൻഡ് മാസ്റ്ററായ ജാസെക് സ്റ്റോപ്പയെ പരാജയപ്പെടുത്തിയത്. 37 വയസുകാരനാണ് ജാസെക്.

സിംഗപ്പൂരിനെ പ്രതിനിധീകരിച്ച കൗശിക് തന്നെക്കാൾ അഞ്ചിരട്ടി പ്രായമുള്ള സ്റ്റോപ്പയെ അട്ടിമറിക്കുകയായിരുന്നു. കൗശിക് ജനിച്ചത് ഇന്ത്യയിലാണെങ്കിലും കഴിഞ്ഞ 6 വർഷമായി സിംഗപ്പൂരിലാണ് താമസം. 2022 ൽ 6 വയസ്സുള്ളപ്പോൾ ഈസ്റ്റേൺ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ അണ്ടർ 8 വിഭാഗത്തിൽ ട്രിപ്പിൾ സ്വർണം നേടിയതോടെയാണ് കൗശിക്കിനെ ആദ്യമായി ശ്രദ്ധിച്ചു തുടങ്ങിയത്.

ഒരു ദിവസം ഏഴ് മണിക്കൂർ വരെ ചെസ്സിനായി കൗശിക്ക് ചെലവഴിക്കുന്നു. തന്റെ മകന് ഫോട്ടോഗ്രാഫിക് മെമ്മറി പവറുണ്ടെന്ന് കൗശിക്കിന്റെ പിതാവ് ശ്രീറാം കൗശിക്ക് പറഞ്ഞു. 'സങ്കീർണ്ണമായ പസിലുകൾ അവൻ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കും. ജിഎം ജേക്കബ് അഗാഡിന്റെ ഗ്രാൻഡ്മാസ്റ്റർ സീരീസ് മുഴുവനും അവൻ അടുത്തിടെ ഒരു ബോർഡ് ഉപയോഗിക്കാതെ പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ സെർബിയയുടെ യുവതാരം ലിയോണിഡ് ഇവാനോവിച്ച് 60കാരനായ ബൾഗേറിയൻ ഗ്രാൻഡ് മാസ്റ്റർ മിൽകോ പോപ്പചേവിനെ പരാജയപ്പെടുത്തി റെക്കോഡ് കരസ്ഥമാക്കിയിരുന്നു.