പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഒരു ലക്ഷം കയ്യിൽ നിന്ന് പോകേണ്ടെങ്കിൽ സൂക്ഷിച്ചോ, ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഗൾഫ് രാജ്യം

Wednesday 21 February 2024 11:05 AM IST

ദുബായ്: യുഎഇയിലെ വിദേശികൾക്കിടയിലും സ്വദേശികൾക്കിടയിലും പുകവലി ശീലം അടുത്തിടെയായി വർദ്ധിക്കുന്നെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇ-സിഗരറ്റുകളുടെയും വാപ്പ് സ്‌മോക്കുകളുടെയും വിൽപന യുഎഇയിൽ വലിയ രീതിയിൽ ഉയരുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ സ്ഥിരമായി പുകവലിക്കുന്നവർക്ക് സുപ്രധാന മുന്നറിയിപ്പാണ് യുഎഇ ഭരണകൂടത്തിൽ നിന്നും പുറത്തുവരുന്നത്.

കുട്ടികളുടെ അടുത്ത് നിന്നുകൊണ്ട് പുകവലിക്കുന്നവരിൽ നിന്ന് 5000 ദിർഹം (1,12,852 ഇന്ത്യൻ രൂപ) പിഴയീടാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. രാജ്യത്ത് കുട്ടികളുടെ അവകാശങ്ങൾ സ്ഥാപിക്കുന്ന വദീമ നിയമം അനുസരിച്ച് ഒരു കുട്ടിയുടെ സാന്നിദ്ധ്യത്തിൽ പുകവലിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

ആർട്ടിക്കിൾ 21 അനുസരിച്ച്, 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ സാന്നിദ്ധ്യത്തിൽ പൊതു, സ്വകാര്യ ഗതാഗത മാർഗങ്ങളിൽനിന്നും പുകവലിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും നിയമവിരുദ്ധമാണ്.

പുകവലിക്കുന്ന വ്യക്തികൾക്ക് ചുറ്റുമുള്ള പുകവലിക്കാത്തവർക്കും അതേ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുമെന്ന് യുഎഇയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളിൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ വലിയ രീതിയിൽ ബാധിക്കുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന 80 ലക്ഷം ആളുകളാണ് ഒരു വർഷം മരണത്തിന് കീഴടങ്ങുന്നത്. പുക ശ്വസിക്കുന്നതിനെ തുടർന്ന് മാത്രം 13 ലക്ഷം ആളുകൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു.

15,000 ദിർഹം വരെ പിഴ
കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴയോ ഉടമയ്ക്ക് മൂന്ന് മാസം തടവുശിക്ഷയോ ലഭിക്കും. 15,000 ദിർഹം വരെ പിഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. 18 വയസ് പൂർത്തിയായവർക്ക് മാത്രമാണ് പുകയില ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള നിയമപരമായ അവകാശമുള്ളത്. കുട്ടികൾക്ക് ലഹരിപാനീയങ്ങളും കുട്ടിയുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന മറ്റേതെങ്കിലും വസ്തുക്കളും വിൽക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും പിഴ ബാധകമാണ്.

Advertisement
Advertisement