വനംവകുപ്പ് ഇതാ പുറത്തുവിട്ടു, ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന കാട്ടിലെ അപകടകാരി കടുവയോ ആനയോ കാട്ടുപന്നിയോ അല്ല

Wednesday 21 February 2024 11:32 AM IST

പത്തനംതിട്ട: കാട്ടുപന്നിയും കാട്ടാനയും ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന സംഭവങ്ങൾ ഏറെ നടന്നിട്ടും വനംവകുപ്പിന്റെ കണക്കുകളിൽ ഏറ്റവും പ്രശ്നക്കാർ പാമ്പാണ്. കാട്ടുപന്നിയും കാട്ടാനയും മനുഷ്യരെ ആക്രമിച്ച് കൊന്നതും പരിക്കേൽപ്പിച്ചതും വനംവകുപ്പ് നിസാരമായി കാണുന്നതായി ആക്ഷേപമുണ്ട്.

കാട്ടുപന്നികൾ ആക്രമിക്കുകയും വാഹനങ്ങൾക്ക് കുറുകെ ചാടുകയും ചെയ്ത സംഭവങ്ങളിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ജില്ലയിൽ അഞ്ച് പേർ മരണപ്പെട്ടു. നൂറിലേറെ ആളുകൾക്ക് പരിക്കേറ്റു. ഇക്കാര്യം മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുകയും തദ്ദേശ സ്ഥാപനങ്ങൾ കണക്കുകൾ ശേഖരിക്കുകയും ചെയ്തിട്ടുള്ളതാണ്. ജനങ്ങളിൽ നിന്ന് ആവശ്യമുയർന്നതിനെ തുടർന്നാണ് ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അധികാരം നൽകിയത്. എന്നിട്ടും കാട്ടുപന്നി ശല്യത്തെക്കുറിച്ച് വ്യക്തമായ കണക്കുകൾ വനംവകുപ്പിനില്ല.

വനംവകുപ്പിന്റെ കണക്കുകളിൽ മനുഷ്യനെ കൂടുതൽ ആക്രമച്ചിട്ടുള്ളത് പാമ്പാണ്. 2016 മുതൽ പുലി ആക്രമിച്ചതായി കണക്കുകൾ ഇല്ല. കാട്ടുപൂച്ചയുടെ ആക്രമണമാണ് കണക്കിലുള്ളത്. കടുവയുടെ ഒരു ആക്രമണമാണ്‌ കോന്നിയിലെ പട്ടികയിലുള്ളത്. മ്ലാവ്, കാട്ടുപന്നി, കാട്ടാന ഇവയുടെ ആക്രമണ കണക്കുകളും രേഖകളിലുണ്ട്.

കോന്നി വനം ഡിവിഷനിലെ കണക്കുകൾ

(വിവിധ വർഷങ്ങളിൽ പാമ്പുകടിയേറ്റ് മരിച്ചവർ, പരിക്കേറ്റവർ)

2018 : 04, (27)
2019 : 02, (32)
2020 : 0, (27)
2021 : 0, (35)
2022 : 0, (30)
2023 : 0, (32)

കടുവയുടെ ആക്രമണം
2019 : മരണം : 01

കാട്ടുപന്നി ആക്രമണം

(വർഷം, മരിച്ചവർ, പരിക്കേറ്റവർ)
2019 : 2, (32)
2020 : 0, (20)
2021 : 0, (19)
2022 : 01,(22)
2023 : 0, (22)