പരീക്ഷകൾ നടത്താൻ ഖജനാവിൽ പണമില്ല; സ്‌കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ നിർദേശം

Wednesday 21 February 2024 11:58 AM IST

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾ നടത്താൻ ഖജനാവിൽ പണമില്ലാത്തതായി റിപ്പോർട്ടുകൾ. സ്‌കൂളുകളുടെ നിത്യ ചെലവിനുള്ള ഫണ്ടുപയോഗിച്ച് പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.


പത്താം ക്ലാസിലെ ഐടി പരീക്ഷയും ഹയർസെക്കൻഡറി പരീക്ഷകളും നടത്താനാണ് പണമില്ലാത്തത്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളിലെ ദൈനംദിന ചെലവിനായുള്ള പണമെടുക്കാൻ തീരുമാനിച്ചത്. സർക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്‌കൂളുകളുടെ പണം തിരികെ നൽകുമെന്നും ഉത്തരവിലുണ്ടെന്നാണ് വിവരം.


സ്‌കൂളുകളുടെ ചെലവുകൾക്കായി നീക്കിവച്ചിരിക്കുന്ന പണമെടുക്കാൻ അനുമതി തേടി പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷ സെക്രട്ടറിയും നേരത്തെ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നാൽപ്പത്തിനാല് കോടി രൂപയാണ് കഴിഞ്ഞ അദ്ധ്യയന വർഷം പരീക്ഷ നടത്തിപ്പിന് ചെലവായത്. ഈ തുക കുടിശ്ശികയായിട്ടുതന്നെയിരിക്കുകയാണ്. ഇതിനിടയിലാണ് സ്‌കൂളുകളുടെ ദൈനംദിന ചെലവുകൾക്കായുള്ള പണം ചെലവഴിക്കാനുള്ള നിർദേശം വരുന്നത്.

Advertisement
Advertisement