മൃഗശാലയിലെ മെനുവിൽ വമ്പൻ മാറ്റങ്ങൾ, ചിക്കന് പകരം ബീഫാക്കി, ദിവസം വാങ്ങുന്നത് 70 കിലോ മീൻ; പക്ഷികൾക്ക് നൽകുന്നത് 'ഫ്രൂട്ട്സാലഡ്'

Wednesday 21 February 2024 4:00 PM IST

തിരുവനന്തപുരം:ചുട്ടു പൊള്ളുകയാണ് സംസ്ഥാനം. മനുഷ്യനെപ്പോലെ തന്നെ മൃഗങ്ങൾക്കും ഇതേ അവസ്ഥയാണ്. കാട്ടിലാണെങ്കിൽ നദിയിലെങ്കിലും നീരാടാം. എന്നാൽ കൂട്ടിലാണെങ്കിൽ ഇതുപറ്റില്ല.തിരുവനന്തപുരം മൃഗശാലയിൽ വേനൽച്ചൂടിന്റെ കാഠിന്യം കുറയ്ക്കാനുള്ള ക്രമീകരണം അധികൃതർ ഒരുക്കിയിട്ടുണ്ട്. ചൂട്‌ വർദ്ധിച്ചാൽ അസ്വസ്ഥതയും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് പുതിയ ക്രമീകരണം. കടുവയുടെയും പുള്ളിപ്പുലിയുടെയും കുളി ഷവറിലാണ്.വലിയ കൂട്ടിലുള്ള രണ്ട് പുള്ളിപ്പുലികൾക്കും വെള്ളം ചീറ്റുന്ന സംവിധാനമുണ്ട്. രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയ്ക്ക് ഇവർക്ക് ഷവർ കുളിയുണ്ടാകും.

കാണ്ടാമൃഗം,​നീല കാള എന്നിവയുടെ കൂട്ടിലും വെള്ളം ചീറ്റുന്ന സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മ്ളാവിന്റെ കൂട്ടിൽ ചെളിയും വെള്ളവും നിറച്ച കുളവും റെഡിയാണ്. ഇതുകൂടാതെ എല്ലാ കൂടുകളിലും ഫാനും ഇട്ടിട്ടുണ്ട്.അനാക്കോണ്ടയും രാജവെമ്പാലയ്ക്കും എ.സി കൂട്ടിലായതിനാൽ ചൂടുകാലം പ്രശ്നമല്ല. മറ്റ് പാമ്പുകളുടെ കൂടുകളിലെല്ലാം ഫാനും സജ്ജീകരിച്ചിട്ടുണ്ട്.

കരടിയുടെ ഐസ് തീറ്റ

ചൂട് അകറ്റാൻ കരടികൾക്ക് രാവിലെയും വൈകിട്ടും കഴിക്കാൻ ഐസ് കഷ്ണങ്ങൾ കൂട്ടിൽ വച്ച് കൊടുക്കും.'ദിമാപൂർ' എന്ന പെൺഹിമാലയൻ കരടിക്കും ‘കെഹിമ’ എന്ന ആൺഹിമാലയൻ കരടിക്കുമാണ്‌ കൂടുതൽ നൽകുന്നത്. ദിമാപൂർ ഗർഭിണിയായതുകൊണ്ട്‌ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

തണ്ണിമത്തനും മുന്തിരിയും ബക്കറ്റിലിട്ട ശേഷം വെള്ളം നിറച്ച് ഫ്രീസറിൽ വച്ച് കട്ടിയാക്കിയാണ് നൽകുന്നത്. രാവിലെ 9.30നും ഉച്ചയ്ക്ക് ചൂടു കൂടുമ്പോഴും ദേഹത്തേക്ക് വെള്ളമടിച്ചുകൊടുക്കും.10.30ന് ആപ്പിൾ,വെള്ളരി,വാഴപ്പഴം,മുന്തിരി എന്നിവയും നൽകും. ഫ്രീസറിൽ വച്ച് തണുപ്പിച്ച തണ്ണിമത്തനാണ് ഹിമക്കരടിയുടെ രാവിലത്തെ ഭക്ഷണം. ചൂട് കൂടിയതോടെ തണ്ണിമത്തന്റെ അളവും കൂടി. ഒരു ദിവസം 6.5 കിലോയോളം തണ്ണിമത്തനാണ് കരടികൾക്ക് ആവശ്യമായി വരുന്നത്.

ചിക്കൻ മാറി ബീഫ് എത്തി

മാംസം കഴിക്കുന്ന മൃഗങ്ങളുടെ മെനുവിൽ നിന്ന് ചിക്കനെ ഒഴിവാക്കി.പകരം പോത്ത്,ബീഫ് എന്നിവയാണ് നൽകുന്നത്. ഒരു ദിവസം 100 കിലോ മാംസമാണ് വിവിധ മാംസഭുക്കുകൾക്ക് നൽകുന്നത്.ഇതുകൂടാതെ മീനിന്റെ അളവും വർദ്ധിപ്പിച്ചിട്ടുണ്ട്. 70 കിലോ മീൻ ദിവസേന വാങ്ങും. സിംഹം,കടുവ,പുലി എന്നിവയ്ക്ക് ഒരു ദിവസം ശരാശരി നാല് മുതൽ അഞ്ച് കിലോ മാംസം വേണ്ടിവരും.

പക്ഷികൾക്ക് ഫ്രൂട്ട് സാലഡ്

കൂട്ടിലുള്ളതും പുറത്തുള്ളതുമായ പക്ഷികൾക്ക് പഴങ്ങൾക്കൊപ്പം കൂടുതൽ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി നൽകുന്നുണ്ട്. കാബേജ്,കാരറ്റ്,പയറുവർഗങ്ങൾ,​പപ്പായ,മുന്തിരി,ആപ്പിൾ,ഓറഞ്ച് എന്നിവയെല്ലാം ചേർന്ന 'ഫ്രൂട്ട് സാലഡും' പക്ഷികൾക്ക് നൽകുന്നുണ്ട്.ഇതു കൂടാതെ ഭക്ഷണത്തിൽ ചേർത്ത് വൈറ്റമിൻ മരുന്നുകളും നൽകുന്നുണ്ട്.