ജോലി വരെ നഷ്ടപ്പെടുന്ന സാഹചര്യം; വന്ദേഭാരത് കാരണം നട്ടംതിരിയുന്നത് കണ്ണൂരിലെത്തുന്ന യാത്രക്കാർ

Wednesday 21 February 2024 4:21 PM IST

കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ് പ്രസ് ഒന്നും രണ്ടും മണിക്കൂർ വൈകുന്നത് പതിവാക്കി. ട്രെയിനിൽ എത്തുന്നവർ വൈകൽകാരണം വീടുകളിലെത്താൻ കഴിയാതെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നട്ടം തിരിയുന്നത് പതിവുകാഴ്ചയാണിന്ന്. ജോലിക്കാരും വിദ്യാർത്ഥികളും വ്യാപാരികളും അടക്കം നിരവധി പേരാണ് മടക്കയാത്രക്ക് എക്സിക്യൂട്ടീവിനെ ആശ്രയിക്കുന്നത്.

വൈകിട്ട് 6.15ന് കോയമ്പത്തൂർ -കണ്ണൂർ എക്സ്പ്രസ് പോയാൽ വടക്കോട്ടേക്കുള്ള യാത്രക്ക് എക്സിക്യൂട്ടീവ് മാത്രമാണ് ആശ്രയം. രാത്രി 12.50ന് കണ്ണൂരിലെത്തുന്ന ജനശതാബ്ദിയിലാകട്ടെ ജനറൽ ടിക്കറ്റുമില്ല. വൈകിയെത്തുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി സ്റ്റേഷന് പുറത്തെത്തുമ്പോഴേക്കും പതിവ് കണക്ഷൻ ബസുകൾ പോയിട്ടുണ്ടാകും. ഭാരിച്ച ഓട്ടോചാർജ് നൽകി വീട്ടിലെത്താൻ കഴിയാത്തവരായിരിക്കും ഭൂരിഭാഗവും. വൈകൽ പതിവായി ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് പലരും.

വന്ദേഭാരത് വന്നു,​യാത്ര മുടങ്ങി

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് (20632)​ സർവീസ് തുടങ്ങിയതോടെയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന് പിടിവീഴാൻ തുടങ്ങിയത്. രാത്രി 9.25നാണ് വന്ദേഭാരത് കോഴിക്കോട് എത്തുന്നത്. വന്ദേഭാരതിനായി എക്സിക്യൂട്ടീവ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടും. വന്ദേഭാരത് രാത്രി 10.24ന് കണ്ണൂരിലെത്തി മണിക്കൂർ കഴിഞ്ഞാലും എക്സിക്യൂട്ടീവിന് മോചനം ലഭിക്കില്ല. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഓടുന്ന പ്രത്യേക വണ്ടികൾക്ക് വേണ്ടിയും എക്സിക്യൂട്ടിവ് എക്സ്പ്രസിനെ പിടിച്ചിടും. എന്നാൽ വന്ദേഭാരതിനായി ട്രയിനുകൾ അന്യായമായി പിടിച്ചിടുന്നില്ലെന്നാണ് റെയിൽവേയുടെ വാദം.

രാത്രി യാത്രയില്ല

രാത്രി 7.35ന് 16346 തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി പോയി കഴിഞ്ഞാൽ കണ്ണൂരിന് വടക്കോട്ട് പിറ്റേന്ന് പുലർച്ചെ മാത്രമാണ് ട്രെയിനുള്ളത്. പുലർച്ചെ 2.40ന് എത്തേണ്ടുന്ന ചെന്നൈയിൽ നിന്നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് നാലുമണിയോടടുത്താണ് ഇപ്പോൾ എത്തുന്നത്. എക്സിക്യൂട്ടീവ്,​ ജനശതാബ്ദി ട്രെയിനുകളിൽ എത്തുന്ന വടക്കോട്ടുള്ള യാത്രക്കാരെ പരിഗണിച്ച് ആലക്കോട് ,​കാസർകോട് എന്നിവിടങ്ങളിലേക്ക് ഓരോ കെ.എസ്.ആർ.ടി.സി ബസുകൾ കണക്ഷൻ ആയി സർവീസ് നടത്തിവരുന്നുണ്ട്. എക്സിക്യൂട്ടീവ് മണിക്കൂറുകൾ വൈകുമ്പോൾ ഈ ബസുകൾ കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യമാണുള്ളത്. ട്രെയിനിൽ എത്തുന്നവരെ കാത്തുനിൽക്കാതെ ബസുകൾ കൃത്യസമയത്ത് പുറപ്പെട്ടാൽ യാത്രക്കാർ സ്റ്റേഷനിൽ ഇരുന്ന് നേരം പുലർത്തണം.

സമയം തെറ്റി കെ.എസ്.ആർ.ടി.സിയും

രാത്രി പതിനൊന്നര കഴിഞ്ഞാൽകണ്ണൂരിന് വടക്കോട്ടേക്ക് രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി,​സ്വിഫ്റ്റ് ബസുകളും കൃത്യത പുലർത്തുന്നില്ല. രണ്ടും മൂന്നും മണിക്കൂറുകൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കുത്തിയിരിക്കേണ്ടുന്ന ഗതികേടിലാണ് യാത്രക്കാർ. തൃശൂരിൽ നിന്ന് ഓപ്പറേറ്റ് ചെയ്ത് രാത്രി 1.15ന് എത്തേണ്ടുന്ന ബസ് മിക്കവാറും രണ്ടരയ്ക്ക് ശേഷമാണ് കണ്ണൂരിലെത്തുന്നത്. കോട്ടയത്ത് നിന്ന് പുറപ്പെട്ട് 2മണിയോടെ എത്തേണ്ടുന്ന സ്വിഫ്റ്റ് ബസ് മൂന്നുമണിയോടെ മാത്രമെ എത്തുന്നുള്ളു.

നേരത്തെ 10:44 ന് ആണ് എക്സിക്യൂട്ടീവ് കണ്ണൂരിലെത്തുന്നത്.രണ്ടും മൂന്നും മണിക്കൂ‌ർ വൈകി ഓടുന്നത് വളരെ ഗുരുതരമായ പ്രശ്നാണ് .റീഷെഡ്യൂൾ ചെയ്ത് സമയം പുനക്രമീകരിക്കണം .കണ്ണൂരിൽ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ കണക്ഷൻ ബസ്സുകൾ വേണം.അല്ലെങ്കിൽ ട്രെയിൻ കാസർകോടേക്കോ മംഗലാപുരത്തേക്കോ നീട്ടാനുള്ള നടപടി റെയിൽവേ അടിയന്തരമായി സ്വീകരിക്കണം.

അഡ്വ.റഷീദ് കവ്വായി,

ചെന്നൈ സോണൽ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മറ്റി അംഗം

Advertisement
Advertisement