* പച്ചത്തുരുത്ത് വെട്ടിവെളുപ്പിച്ച് ഓഫീസ് പണിയാൻ സാമൂഹ്യവനവത്കരണ വിഭാഗം * ഞങ്ങളുടെ വനം ഞങ്ങൾ വെട്ടും!
53 മരങ്ങൾ വെട്ടാൻ ഇന്ന് ട്രീ കമ്മിറ്റി യോഗം
കൊച്ചി: നഗരത്തിലെ വനസമാനമായ പച്ചത്തുരുത്ത് വെട്ടിവെളുപ്പിച്ച് സാമൂഹ്യവനവത്കരണ വിഭാഗം ഓഫീസും ജീവനക്കാരുടെ ക്വാർട്ടേഴ്സും പണിയാൻ നീക്കം. ഇടപ്പള്ളി മണിമല റോഡിലെ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 53 വൻമരങ്ങളും മുളങ്കാടുകളും നിറഞ്ഞ സ്ഥലം നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നു. പൊതു ഇടങ്ങളിലെ ഒരു മരം മുറിക്കാൻ പോലും സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ അനുമതി വേണമെന്നിരിക്കേയാണ് 60 ഓളം ഇനം പക്ഷികളുടെ ആവാസകേന്ദ്രം നശിപ്പിക്കുന്നത്.
ഇന്ന് രാവിലെ 10.30ന് മേയർ അഡ്വ.എം. അനിൽകുമാറിന്റെ ചേംബറിൽ ചേരുന്ന ട്രീ കമ്മിറ്റി ഇവിടത്തെ മരങ്ങൾ വെട്ടുന്നതിൽ തീരുമാനമുണ്ടാകും.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ സാമൂഹിക വനവത്കരണ വിഭാഗം നയിക്കുന്ന കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സിന്റെ ഓഫീസാണിത്. ഇവിടെയുള്ള പക്ഷികളുടെ പട്ടിക നിലവിൽ ഇവിടെയുള്ള വനംവകുപ്പിന്റെ ഓഫീസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇപ്പോഴുള്ള കെട്ടിടങ്ങൾ നിലനിറുത്തി അതേ ഓഫീസുകൾക്ക് വേണ്ടി തന്നെയാണ് പുതിയ കെട്ടിടം പണിയുന്നത്. ഇവ പൊളിച്ച് അതേ സ്ഥാനത്ത് പുനർനിർമ്മിച്ചാൽ നഗരവനം സംരക്ഷിക്കാൻ കഴിയും.
വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ സോഷ്യൽ ഫോറസ്റ്റ്ട്രി വിഭാഗത്തിന്റെ പേര് അന്വർത്ഥമാക്കുന്ന ഇടപ്പള്ളിയിലെ വളപ്പ് നശിപ്പിക്കുന്നതിൽ എതിർപ്പുണ്ടെങ്കിലും ചിലരുടെ സ്വാധീനത്തിന് മുന്നിൽ വിലപ്പോകുന്നില്ല.
വെട്ടുന്നത് 53 മരങ്ങൾ
നീർമരുത്, തേക്ക്, പന,അത്തി, ആഞ്ഞിലി, മഹാഗണി മുതലായ വൃക്ഷങ്ങളും മറ്റനേകം ചെറുസസ്യങ്ങളും
16 കോടിയുടെ നിർമ്മാണം
താഴെ ഓഫീസും മുകളിൽ ക്വാർട്ടേഴ്സുകളും. ഭരണാനുമതി ലഭിച്ചു. സാങ്കേതിക അനുമതിയും മരംമുറിക്കാനുള്ള അനുമതിയും ലഭിച്ചാൽ നിർമ്മാണം തുടങ്ങും. അഡീഷണൽ ചീഫ് കൺസർവേറ്ററുടേതാണ് കെട്ടിട നിർമ്മാണ തീരുമാനം.
വനംവകുപ്പിന് മാനക്കേട്:
നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ
നിയമപരമായും ഭരണഘടനാ പരമായും വന, പ്രകൃതി സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട വകുപ്പ് തന്നെ ഇത്തരത്തിലുള്ള നീക്കവുമായി മുൻപോട്ടു പോകുന്നത് പ്രതിഷേധാർഹമെന്ന് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ വ്യക്തമാക്കി. നിർദിഷ്ട കെട്ടിട സമുച്ചയം മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണം. യോഗത്തിൽ ഡോ.സി.എം. ജോയി അദ്ധ്യക്ഷത വഹിച്ചു. എൽ.ആർ. വിശ്വനാഥൻ സംസാരിച്ചു.