മന്ത്രി ബിന്ദുവിനെതിരെ വി.സിയുടെ റിപ്പോർട്ട്, ഗവർണർക്ക് കൈമാറി, കേരള യൂണിവേഴ്സിറ്റിയിൽ അസാധാരണ പ്രതിസന്ധി

Thursday 22 February 2024 4:14 AM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സെനറ്റ് യോഗത്തിലേക്ക് ഇടിച്ചുകയറി വന്ന (ഗേറ്റ് ക്രാഷ്) ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സ്വമേധയാ യോഗത്തിന്റെ അദ്ധ്യക്ഷപദമേറ്റെടുത്തത് നിയമവിരുദ്ധമെന്ന് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ഗവർണർക്ക് റിപ്പോർട്ട് നൽകി.
വി.സി പലതും പറയുമെന്നും പ്രോട്ടോക്കോൾ പ്രകാരം വി.സിക്ക് മുകളിലുള്ള പ്രോചാൻസലറായ മന്ത്രിക്ക് അദ്ധ്യക്ഷയാവാതെ മാറിയിരിക്കാനൊക്കുമോയെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു. ഫെബ്രുവരി 16നായിരുന്നു സെനറ്റ് യോഗം.

അതേസമയം, 13ന് നടന്ന കാർഷിക വാഴ്സിറ്റി സെനറ്റ് യോഗത്തിൽ കൃഷി മന്ത്രി പി. പ്രസാദ് സാധാരണ അംഗത്തെപ്പോലെയാണ് പങ്കെടുത്തത്. അദ്ധ്യക്ഷനാവാൻ താല്പര്യം കാട്ടിയെങ്കിലും വൈസ് ചാൻസലർ ഡോ.ബി.അശോക് നിയമപ്രശ്നം ചൂണ്ടിക്കാട്ടിയതോടെ പിൻമാറുകയായിരുന്നു.

കേരള യൂണിവേഴ്സിറ്റിയുടെ സെനറ്റ് യോഗങ്ങളിൽ ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത മന്ത്രി ബിന്ദു, വൈസ് ചാൻസലർ വരുന്നതിനുമുമ്പേ യോഗത്തിനെത്തി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വാഴ്സിറ്റി നിയമപ്രകാരം സെനറ്റ്, സിൻഡിക്കേറ്റടക്കം സമിതികളുടെയെല്ലാം അദ്ധ്യക്ഷൻ വി.സിയായതിനാൽ മന്ത്രി കാട്ടിയത് അധികാരദുർവിനിയോഗമാണ്. വി.സിയാണ് അദ്ധ്യക്ഷനാവേണ്ടതെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും അതിനും മുകളിലാണ് താനെന്ന് പറഞ്ഞ് അദ്ധ്യക്ഷപദം പിടിച്ചെടുത്തു. സെർച്ച്കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കുകയെന്ന ഒറ്റ അജൻഡ മാത്രമാണുണ്ടായിരുന്നത്. പക്ഷേ, പ്രതിനിധിയെ നൽകേണ്ടെന്ന പ്രമേയം അവതരിപ്പിക്കാൻ മന്ത്രി അനുവദിച്ചു. പ്രമേയത്തിന് അനുമതി നൽകാനും അംഗീകരിക്കാനും തള്ളാനും വി.സിക്കാണ് അധികാരം. മന്ത്രി ഇല്ലാത്ത അധികാരം പ്രയോഗിച്ചുവെന്ന് രാജ്ഭവനിലെത്തി ഗവർണർക്ക് നൽകിയ അഞ്ചു പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

യോഗം റദ്ദാക്കും, മന്ത്രിയെ

അപ്രീതി അറിയിക്കും

1. പ്രോ ചാൻസലറുടെ ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷയായതിനാൽ രജിസ്ട്രാർക്ക് കാരണംകാണിക്കൽ നോട്ടീസയച്ചശേഷം യോഗം ഗവർണർ റദ്ദാക്കും.

2. നിയമവിരുദ്ധമായ നടപടികളെടുത്തതിൽ പ്രോചാൻസലറായ മന്ത്രിയെ ഗവർണർ അപ്രീതിയറിയിക്കും. ആവർത്തിക്കരുതെന്ന് താക്കീതും നൽകാം.

3. സെർച്ച്കമ്മിറ്റിയംഗത്തെ തിരഞ്ഞെടുക്കാൻ വീണ്ടും സെനറ്റ് ചേരാൻ വി.സിയോട് നിർദ്ദേശിക്കും. ഗവർണറുടെ നോമിനികളും യു.ഡി.എഫ് അംഗങ്ങളും നൽകിയ രണ്ടു പേരുകളും നിരസിക്കും.

ആരും സർവ്വാധികാരിയല്ല:മന്ത്രി

സർവകലാശാലാ കാര്യത്തിൽ ആരും സർവ്വാധികാരിയല്ലെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണറുടെ അസാന്നിദ്ധ്യത്തിൽ പ്രോ ചാൻസലർക്ക് അദ്ധ്യക്ഷയാവാം. അതിന് ഗവർണർ ചുമതലപ്പെടുത്തേണ്ട ആവശ്യമില്ല.

യോഗം വിളിച്ചതു തന്നെ നിയമവിരുദ്ധമായിട്ടാണെങ്കിലും പങ്കെടുത്ത് നിലപാട് അറിയിക്കാനായിരുന്നു ഇടത് അംഗങ്ങളുടെ തീരുമാനം. മുൻപ് പല വി.സിമാരെയും പുറത്താക്കാനിടയാക്കിയ അതേ ആക്ട് പ്രകാരമാണ് വീണ്ടും നിയമനത്തിന് യോഗം ചേർന്നത്. വി.സി രണ്ടു പേരുകൾ ഉയർന്നു വന്നിട്ടുണ്ട് എന്നു പറഞ്ഞു. ആരും നിർദ്ദേശിക്കുകയോ പിന്താങ്ങുകയോ ചെയ്തില്ല. സർവകലാശാലാ ചട്ടങ്ങളും യു.ജി.സി ആക്ടും തമ്മിൽ വൈരുദ്ധ്യമുള്ളതിനാൽ വ്യക്തത തേടി കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിക്ക് സ്വയം ചുമതല

ഏറ്റെടുക്കാനാവില്ല

സെനറ്റ് യോഗങ്ങളിൽ ഗവർണർ പങ്കെടുക്കുന്നത് ഓണററി ബിരുദം അംഗീകരിക്കാൻ മാത്രമാണ്. വി.സിയാണ് സ്ഥിരംഅദ്ധ്യക്ഷൻ. പ്രോചാൻസലർക്ക് ചാൻസലറുടെ ചുമതലകൾ വഹിക്കാൻ ചാൻസലറുടെ രേഖാമൂലമുള്ള നിർദ്ദേശം വേണം. സെനറ്റിൽ അദ്ധ്യക്ഷയാവണമെന്ന് രാജ്ഭവനോ ചാൻസലറോ ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിക്ക് യോഗത്തിൽ പങ്കെടുക്കാമെങ്കിലും അദ്ധ്യക്ഷയാകാനാവില്ല.

Advertisement
Advertisement