സി.പി.എം സ്ഥാനാർത്ഥിപ്പട്ടിക, മൂന്ന് എം.എൽ.എമാരും മന്ത്രിയും മത്സരത്തിന്,

Thursday 22 February 2024 4:19 AM IST

മൂന്നിടത്ത് പുതുമുഖങ്ങൾ, ഒരു പി.ബി അംഗം

തിരുവനന്തപുരം: പൊളിറ്റ് ബ്യൂറോ അംഗം, മന്ത്രിയടക്കം നാല് എം.എൽ.എമാർ, മൂന്ന് ജില്ലാ സെക്രട്ടറിമാർ എന്നിവരടക്കം ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് സി.പി.എം അന്തിമ രൂപം നൽകി. 15 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. പട്ടികയിൽ ഏറെയും ജന സ്വാധീനമുള്ള മുതിർന്ന നേതാക്കളാണ്. പരമാവധി സീറ്റുകളിൽ ജയിക്കുകയാണ് ലക്ഷ്യം. നാല് കേന്ദ്ര കമ്മിറ്റിയംഗങ്ങളുണ്ട്. മലപ്പുറം, പൊന്നാനി, എറണാകുളം എന്നിവിടങ്ങളിൽ പുതുമുഖങ്ങളാണ്. എറണാകുളത്തും വടകരയിലും വനിതകൾ. പൊന്നാനിയിൽ മുസ്ലിംലീഗ് മുൻ നേതാവ് കെ.എസ്.ഹംസയാണ് സ്ഥാനാർത്ഥി.

ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ പട്ടിക അംഗീകരിച്ചു. കേന്ദ്ര നേതൃത്വം ചർച്ചചെയ്തശേഷം പി.ബി അനുമതിയോടെ 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

സ്ഥാനാർത്ഥി പട്ടിക: ആറ്റിങ്ങൽ: വി.ജോയ് എം.എൽ.എ (തിരു. ജില്ലാ സെക്രട്ടറി), കൊല്ലം: എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട: ടി.എം.തോമസ് ഐസക് (മുൻമന്ത്രി, കേന്ദ്രകമ്മിറ്റിയംഗം), ആലപ്പുഴ:എ.എം.ആരിഫ് (സിറ്റിംഗ് എം.പി), എറണാകുളം: കെ.ജെ.ഷൈൻ (പുതുമുഖം, പറവൂർ നഗരസഭാ കൗൺസിലർ, കെ.എസ്.ടി.എ നേതാവ്), ചാലക്കുടി: സി.രവീന്ദ്രനാഥ് (മുൻമന്ത്രി), ആലത്തൂർ: കെ.രാധാകൃഷ്ണൻ (മന്ത്രി, കേന്ദ്രകമ്മിറ്റിയംഗം), മലപ്പുറം: വി.വസീഫ് (പുതുമുഖം,ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്), പൊന്നാനി:കെ.എസ്.ഹംസ (പുതുമുഖം, ലീഗ് മുൻ നേതാവ്), കോഴിക്കോട്: എളമരം കരീം (മുൻമന്ത്രി, രാജ്യസഭാംഗം, കേന്ദ്രകമ്മിറ്റിയംഗം), വടകര: കെ.കെ.ശൈലജ എം.എൽ.എ (മുൻമന്ത്രി, കേന്ദ്രകമ്മിറ്റിയംഗം), പാലക്കാട്: എ.വിജയരാഘവൻ (പൊളിറ്റ് ബ്യൂറോ അംഗം), കണ്ണൂർ: എം.വി.ജയരാജൻ (ജില്ലാ സെക്രട്ടറി), കാസർകോട്: എം.വി.ബാലകൃഷ്ണൻ (ജില്ലാസെക്രട്ടറി), ഇടുക്കി: ജോയ്‌സ് ജോർജ് (മുൻ എം.പി)

Advertisement
Advertisement