ജനങ്ങള്‍ക്ക് നല്‍കുന്ന ആ സേവനത്തില്‍ സൗദി അറേബ്യ ഒന്നാമത്, ഐക്യരാഷ്ട്രസഭയുടെ പട്ടികയിലും ഒന്നാമത്

Wednesday 21 February 2024 10:36 PM IST

റിയാദ്: ഡിജിറ്റലൈസേഷന് വലിയ പ്രാധാന്യമാണ് ലോകരാജ്യങ്ങള്‍ ഇന്ന് നല്‍കുന്നത്. എല്ലാം വീട്ടിലിരുന്ന് വിരല്‍ തുമ്പിലൂടെ ചെയ്ത് തീര്‍ക്കാന്‍ പറ്റുന്ന അവിശ്വസനീയമായ രീതിയിലേക്ക് പല സേവനങ്ങളും മാറിക്കഴിഞ്ഞു. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളിലെ ക്ലാസ് മുറികളും വരെ ഹൈടെക്ക് ആയി മാറുന്നു. ഇത്തരം സേവനങ്ങളുടെ കാര്യത്തില്‍ ഒന്നാമതാണ് സൗദി അറേബ്യ.

ഐക്യരാഷ്ട്രസഭയുടെ പട്ടിക അനുസരിച്ച് ലോക രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഇലക്ടരോണിക് മാദ്ധ്യമങ്ങള്‍ വഴി ലഭ്യമാക്കുന്നതില്‍ സൗദി അറേബ്യയാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷവും ഇതേ വിഭാഗത്തില്‍ സൗദി അറേബ്യ തന്നെയാണ് ഒന്നാമതുണ്ടായിരുന്നത്. ഈ നേട്ടമാണ് ഇപ്പോള്‍ സൗദി നിലനിര്‍ത്തിയിരിക്കുന്നത്.

മൊത്തം സൂചിക ഫലത്തില്‍ 93 ശതമാനം സ്‌കോര്‍ നേടിയാണ് ഇത്തവണയും സൗദി മുന്നലെത്തിയത്.യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് സൗദിക്ക് വീണ്ടും നേട്ടം.

വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും പോര്‍ട്ടലുകള്‍ വഴിയും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയും നല്‍കുന്ന സര്‍ക്കാര്‍ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് ഐക്യരാഷ്ട്ര സഭ സ്ഥാനം നിര്‍ണയിക്കുന്നത്. സേവന ലഭ്യതയിലും സങ്കീര്‍ണത പരിഹരിക്കുന്നതിലും സൗദിയുടെ നേട്ടം 98 ശതമാനം വരെ ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡിജിറ്റലൈസേഷനില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് അന്താരാഷ്ട്ര നേട്ടം നിലനിര്‍ത്താനായതെന്ന് സൗദി ഗവണ്‍മെന്റ് അതോറിറ്റി ഗവര്‍ണര്‍ അഹമ്മദ് അല്‍സുവയാന്‍ പറഞ്ഞു. രാജ്യത്ത് ഡിജിറ്റല്‍ സമൂഹം കെട്ടിപ്പടുക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കാര്യക്ഷമത കൈവരിക്കുന്നതിനും ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement