സന്തോഷത്തോടെ സ്റ്റാർട്ട്

Wednesday 21 February 2024 10:52 PM IST

സന്തോഷ് ട്രോഫി ആദ്യ മത്സരത്തിൽ കേരളത്തിന് ജയം

അസാമിനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ ഇന്നലെ ആരംഭിച്ച സന്തോഷ് ട്രോഫി ഫുട്‌ബാൾ ടൂർണമെന്റിൽ ഫൈനൽ റൗണ്ടിൽ വിജയത്തോടെ തുടക്കമിട്ട് കേരളം. ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നിനെതിരേ മൂന്ന്‌ ഗോളുകൾക്ക് കരുത്തരായ അസാമിനെ കീഴടക്കിയാണ് നിജോ ഗിൽബർട്ടും സംഘവും കിരീടം തേടിയുള്ള ആദ്യ ചുവടുകൾ ഉജ്ജ്വലമാക്കി മാറ്റിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾകൂടി നേടിയാണ് വിജയം ആധികാരികമാക്കിയത്.

19-ാം മിനിട്ടിൽ അബ്ദു റഹീം,67-ാം മിനിട്ടിൽ ഇ.സജീഷ്,ഇൻജുറി ടൈമിന്റെ അഞ്ചാം മിനിട്ടിൽ നായകൻ നിജോ ഗിൽബർട്ട് എന്നിവർ നേടിയ ഗോളുകളാണ് കേരളത്തിന് വിജയം നൽകിയത്. 78-ാം മിനിട്ടിൽ ദിപു മിർധയിലൂടെയാണ് അസാമിന്റെ ആശ്വാസ ഗോളെത്തിയത്. ഈ വിജയത്തോടെ മൂന്നു പോയിന്റുമായി കേരളം ഗ്രൂപ്പ് എ യിൽ മുന്നിലെത്തി.

സമുദ്ര നിരപ്പിൽ നിന്ന് ഉയരത്തിലുള്ള അരുണാചലിലെ സാഹചര്യങ്ങൾ മനസിലാക്കാനും അതിനനുസരിച്ച് കളി തന്ത്രങ്ങൾ മെനയാനും കഴിഞ്ഞതാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ പകുതിയിൽ അമിതമായ പ്രതിരോധത്തിലേക്ക് നീങ്ങിയില്ലെങ്കിലും ശ്രദ്ധയോടെയാണ് കേരളം കളിച്ചത്. രണ്ടാം പകുതിയിൽ ഒരു ഗോളുകൂടി നേടി മത്സരത്തിൽ ആധിപത്യം നേടിയെടുക്കാനുമായി. നാളെ ഗോവയ്ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

1-0

19-ാം മിനിട്ട്

അബ്ദു റഹിം

മധ്യനിര താരമായ അബ്ദുറഹീമിന്റെ കൃത്യതയാർന്ന ഫിനിഷിംഗാണ് കേരളത്തിന്റെ ആദ്യ സന്തോഷത്തിന് വഴിയൊരുക്കിയത്. അസാമിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി കേരളം ഒന്നിച്ചു നടത്തിയ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ഇതോടെ ഈ സന്തോഷ് ട്രോഫി സീസണിലെ ഫൈനൽ റൗണ്ടിൽ പെനാൽറ്റിയിലൂടെയല്ലാതെ ഗോൾനേടുന്ന ആദ്യ താരമായി റഹീം മാറി. ബോക്‌സിനുള്ളിൽ അന്തംവിട്ടുനിന്ന അസാം പ്രതിരോധതാരങ്ങൾക്കിടയിൽ നിന്ന് തന്നെത്തേടിയെത്തിയ പന്ത് റഹീം അസാധാരണ മെയ്‌വഴക്കത്തോടെ വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു.

2-0

67-ാം മിനിട്ട്

ഇ.സജീഷ്

രണ്ടാംപകുതിയിലായിരുന്നു അടുത്ത ഗോൾ. ഹാഫ് ലൈനിൽ നിന്ന് ലഭിച്ച ലോംഗ് റേഞ്ചറുമായി ബോക്സിനുള്ളിലേക്ക് കയറിയ മുഹമ്മദ് ആഷിഖിന്റെ മനോഹരമായ പാസാണ് സജീഷ് പോസ്റ്റിലേക്ക് തിരിച്ചുവിട്ട് ഗോളാക്കിമാറ്റിയത്. ഈ ഗോളിന് ശേഷം സജീഷിന് പകരം മുഹമ്മദ് സഫ്നീദും അബ്ദു റഹീമിന് പകരം അക്ബർ സിദ്ധിഖും കളത്തിലെത്തി.

2-1

77-ാം മിനിട്ട്

ദിപു മിർധ

രണ്ടു ഗോളുകളുടെ ലീഡ് നേടിയതോടെ അൽപ്പം ആലസ്യത്തിലായ കേരളത്തിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്താണ് അസാം ഒരു ഗോൾ തിരിച്ചടിച്ചത്. എന്നാൽ ഈ ഗോൾ വീണ്ടതോടെ കേരളം വീണ്ടും ആക്രമണം ശക്തമാക്കി.

3-1

90+5-ാം മിനിട്ട്

നിജോ ഗിൽബർട്ട്

ഇൻജുറി ടൈമിൽ കേരളത്തിന്റെ മധ്യനിര താരം മുഹമ്മദ് സഫ്നീദ് ബോക്സിനുള്ളിൽ നിജോ ഗിൽബർട്ടിന് പാസ് നൽകി. നിജോ രണ്ട് അസാം താരങ്ങളെ മറികടന്ന് പന്ത് വലയിലേക്ക് തൊടുത്തുവിട്ടു. ഇതോടെ കേരളത്തിന്റെ വിജയം ആധികാരികമായി.

നിജോ മാൻ ഒഫ് ദമാച്ച്

മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും അവസാന ഗോൾ നേടുകയും ചെയ്ത കേരള നായകൻ നിജോ ഗിൽബർട്ടാണ് മത്സരത്തിലെ മികച്ച താരമായത്.

പെനാൽറ്റിയിലൂടെ സർവീസസ്

ഇന്നലെ രാവിലെ നടന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യമത്സരത്തിൽ നിലവിലെ റണ്ണേഴ്സ് അപ്പായ മേഘാലയക്കെതിരേ സർവീസസിന്ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. 97-ാം മിനിട്ടിൽ ഷഫീൽ പി. പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് സർവീസസിന് ജയം നൽകിയത്.

Advertisement
Advertisement