ഇടതുപക്ഷം നിലംപൊത്തിയിട്ടും കുറുപ്പ് വെന്നിക്കൊടി പാറിച്ചു

Thursday 22 February 2024 12:54 AM IST

കോട്ടയം: അന്നും ഇന്നും സൗമ്യത മുഖമുദ്രയാക്കിയ സുരേഷ് കുറുപ്പിന് എതിരാളികൾക്കിടയിലും ജെന്റിൽ മാൻ പരിവേഷമാണുള്ളത്. യു.ഡി.എഫിന് ഏറെ വേരോട്ടമുള്ള കോട്ടയം ലോക് സഭാ മണ്ഡലത്തിലും ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും പല തവണ കുറുപ്പിന് ജയിക്കാൻ കഴിഞ്ഞതും രാഷ്ട്രീയത്തിനതീതമായി ലഭിച്ച വോട്ടുകളായിരുന്നു.

1982ൽ ആദ്യമത്സരത്തിൽ സിറ്റിംഗ് എം.പി സ്കറിയതോമസിനെതിരെ കോട്ടയം ലോക് സഭാ മണ്ഡലത്തിൽ 5853 വോട്ടിന്റെ അട്ടിമറി ജയം നേടിയായിരുന്നു കുറുപ്പിന്റെ തുടക്കം. ഇന്ദിരാഗാന്ധി വധത്തെ തുടർന്നു സഹതാപ തരംഗം ആഞ്ഞടിച്ച് ഇടതു പക്ഷം നിലംപൊത്തിയ ആ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നു ജയിച്ച ഏക സി.പി.എം എം.പി കുറുപ്പ് മാത്രമായിരുന്നു നാലുതവണ എം.പിയായപ്പോൾ രമേശ് ചെന്നിത്തല, പി.സി. ചാക്കോ തുടങ്ങിയ വമ്പന്മാരെ തോൽപ്പിക്കാനുമായി.

സുരേഷ് കുറുപ്പ് പറയുന്നു ' 82ൽ മത്സരിക്കുമ്പോൾ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റാണ്. മണ്ഡലത്തിലെ ഭൂരിപക്ഷം വീടുകളിലും എസ്.എഫ്.ഐ പ്രവർത്തകർ കയറിയിറങ്ങി. സി.എം.എസ് കോളേജിലെ ഗുരുക്കന്മാരായ അദ്ധ്യാപകർ പ്രത്യേകപ്രസ്താവനയിറക്കി വീടുകയറി. സി.പി.എം സ്ഥാനാർത്ഥിയുടെ ഫോട്ടോ വച്ച് ആദ്യ ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്റ‌ർ ഇറങ്ങുന്നതും അന്നാണ്. യുവ സ്ഥാനാർത്ഥി എന്ന നിലയിൽ കേരളകൗമുദി നല്ല പ്രചാരണം നൽകി . എൻ.ശ്രീധരൻ,വൈക്കം വിശ്വൻ,എം.എ. ബേബി, ഡോ. തോമസ് ഐസക് തുടങ്ങിയവരൊക്കെ പ്രചാരണരംഗത്തുണ്ടായിരുന്നു. വിദ്യാർത്ഥികളും യുവാക്കളും വേറിട്ട പ്രചാരണ തന്ത്രങ്ങളുമായിറങ്ങിയത് പ്രയോജനം ചെയ്തതുകൊണ്ടാണ് യു.ഡി.എഫിന്റെ കുത്തക സീറ്റിൽ അട്ടിമറി ജയം നേടാനായത്.

1980ലെ തിരഞ്ഞെടുപ്പിൽ ഞാൻ കന്നിവോട്ട് ചെയ്തത് അന്ന് സി.പിഎം മുന്നണിയിലായിരുന്ന സ്കറിയ തോമസിനായിരുന്നു. ബൂത്തിൽ ഇരുന്ന ഞാൻ സ്കറിയാതോമസിന് സ്ലിപ്പ് എഴുതി കൊടുത്തതും ഓർക്കുന്നു. രണ്ടു വർഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ സ്കറിയാ തോമസ് എന്റെ എതിരാളിയായതും യാദൃശ്ചികമാകാം.