പി.എസ്.സി: എസ്.ഐ, കോൺസ്റ്റബിൾ പരീക്ഷാ സിലബസ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഏപ്രിലിൽ നടക്കുന്ന പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, മേയിൽ നടക്കുന്ന പൊലീസ് കോൺസ്റ്റബിൾ, ഓഗസ്റ്റ് - ഒക്‌ടോബർ കാലയളവിൽ നടത്തുന്ന പൊലീസ് എസ്.ഐ (മുഖ്യപരീക്ഷ) എന്നീ തസ്തികകളുടെ വിശദമായ സിലബസുകൾ പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, പൊലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഉൾപ്പെടുത്തിയിട്ടുള്ള സ്‌പെഷ്യൽ ടോപ്പിക്ക് പാർട്ട് 1, 2, 3 വിഭാഗങ്ങൾക്ക് യഥാക്രമം ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയും എസ്.ആ മുഖ്യപരീക്ഷയുടെ സ്‌പെഷ്യൽ ടോപ്പിക്ക് പാർട്ട് 1, 2 എന്നിവയ്ക്ക് യഥാക്രമം ഐ.പി.സി, സി.ആർ.പി.സി എന്നിവയും അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ ഉൾപ്പെടുത്തുക.
കായികക്ഷമതാ പരീക്ഷ
ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 129/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 28ന് തിരുവനന്തപുരം, പേരൂർക്കടയിലുള്ള എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവ നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, അസിസ്റ്റന്റ് സർജൻ/ ജൂനിയർ കൺസൾട്ടന്റ് റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും നേടിയ നിശ്ചിത പ്രൊഫോർമയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തശേഷം അവയുടെ അസ്സലും അഡ്മിഷൻ ടിക്കറ്റും സഹിതം ഹാജരാകണം.