'എന്നെ തോൽപ്പിക്കാൻ ഒരു മണ്ഡലം തന്നെ ഇല്ലാതാക്കി '

Thursday 22 February 2024 12:59 AM IST

ടി.കെ. ഹംസയെന്നു പറഞ്ഞാൽ മലപ്പുറത്ത് ഏക്കാലവും മുസ്ലിം ലീഗുകാരുടേയും കോൺഗ്രസുകാരുടേയും പേടി സ്വപ്‌നമാണ്. കോൺഗ്രസിൽ നിന്നും സി.പി.എമ്മിലേക്ക് ചേക്കേറിയശേഷം മൂർച്ചയുള്ള കൂരമ്പുകളാൽ നിരന്തരം യു.ഡി.എഫിനെ മുറിവേൽപ്പിച്ചുകൊണ്ടിരുന്ന ഹംസയെ അവസാനം വെട്ടാൻ പതിനെട്ടാം അടവു തന്നെ പ്രയോഗിച്ച കഥയാണ് 86-ാം വയസിൽ പഴയ പുലിക്ക് പറയാനുള്ളത്. കച്ചയെല്ലാം അഴിച്ച് മഞ്ചേരിക്കടുത്ത മുള്ളമ്പാറയിൽ വിശ്രമ ജീവിതം നയിക്കുകയാണ് ഭാര്യ മൈമൂനയ്‌ക്കൊപ്പം ടി.കെ. ഹംസ.

എന്തായിരുന്നു ആ കടും വെട്ടിന്റെ കഥ...?

'ലീഗിന്റെ കോട്ടയായിരുന്നല്ലോ മഞ്ചേരി മണ്ഡലം. 2004ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തെ ചരിത്രം തിരുത്തി ഞാൻ ഇടുതുപക്ഷത്തേക്ക് വെട്ടിപ്പിടിച്ചു. ചിന്തിക്കാനാവുന്നതായിരുന്നില്ല മലപ്പുറം ജില്ലയിലെ ലീഗുകാർക്ക്. അടുത്ത തവണയും ഹംസയുടെ വിജയം ആവർത്തിച്ചാൽ മലപ്പുറം ജില്ലയിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്ന് അവർ പേടിച്ചു. അങ്ങനെ മഞ്ചേരി മണ്ഡലത്തെ വെട്ടിമുറിച്ച് അവർ മലപ്പുറമുണ്ടാക്കി. മഞ്ചേരി ലോക് സഭമണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, നിലമ്പൂർ നിയമസഭാമണ്ഡലങ്ങളെ വയനാട്ടിലേക്ക് നൽകി, ബേപ്പൂർ, കുന്ദമംഗലം മണ്ഡലങ്ങളെ കോഴിക്കോട്ടേക്കും മാറ്റി. അങ്ങനെ മലപ്പുറമെന്ന വിശ്വസ്തമണ്ഡലത്തെ അവർ ഉണ്ടാക്കിയെടുത്തു."

പേടിച്ചിട്ട് പിന്നീട് മത്സരിച്ചോ...?

പേടിച്ചോടാൻ എന്നെക്കോണ്ടാവുമോ. ഞാൻ എലിയല്ലല്ലോ...പിറ്റേതവണ മലപ്പുറത്ത് അഹമ്മദിനെതിരെ മത്സരിച്ചു. പരജായം ഉറപ്പായിരുന്നു.

അക്കാലത്തെ കോ-ലീ-ബി സഖ്യം പ്രശസ്തമായിരുന്നല്ലോ...?

1991ൽ മന്ത്രിയായിരിക്കെ ബേപ്പൂരിൽ നിയമസഭയിലേക്ക് മത്സരിക്കുന്ന എന്നേയും വടകരയിൽ മത്സരിക്കാനിറങ്ങിയ കെ.പി.ഉണ്ണികൃഷ്ണനേയും തോൽപ്പിക്കാനായിരുന്നില്ലേ നാണം കെട്ട കോ-ലീ-ബി സഖ്യമുണ്ടാക്കിയത്. സ്വന്തം സ്ഥാനാർത്ഥികളെ അവസാന നിമിഷം പിൻവലിച്ച് ബേപ്പൂരിൽ മാധവൻകുട്ടിയേയും വടകരയിൽ രത്‌നസിംഗിനേയും ഇറക്കി. എന്നിട്ട് വല്ല ഫലവും കിട്ടിയോ. തിരഞ്ഞെടുപ്പുള്ള കാലത്തോളം അവരെ വേട്ടയാടില്ലേ കോ. ലീ.ബി

പഴയ തിരഞ്ഞെടുപ്പിനേയും പുതിയകാലത്തേയും

താരതമ്യം ചെയ്യുമ്പോൾ...?

പഴയ കവലപ്രസംഗങ്ങളും അങ്ങാടിച്ചർച്ചകളും പാട്ടുകളുമെല്ലാം ഒരാവേശമായിരുന്നില്ലേ. അതെല്ലാം ഓഡിറ്റോറിയങ്ങൾ കീഴടക്കി. പിന്നെ ന്യൂജെന്നുമായി. എമ്പാടും മാറ്റങ്ങളായി. എല്ലാ പാർട്ടികളും സാധാരണക്കാരനിൽ നിന്നും പാവപ്പെട്ടവരിൽ നിന്നും അകലുന്നപോലൊരു തോന്നലുണ്ട്.

ഇപ്പോൾ പൂർണ വിശ്രമത്തിലാണോ..

ഒരങ്കത്തിനുകൂടി ബാല്യമുണ്ടോ...?

ഇല്ലേയില്ല. പാർട്ടി കമ്മറ്റികളിലൊന്നുമില്ല. ഏരിയാ കമ്മറ്റിയിൽ തടരുന്നു. എന്നാലും വിളിച്ചാൽ ആരോഗ്യം സമ്മതിക്കുമെങ്കിൽ പ്രസംഗിക്കാനൊക്കെ പോകണമെന്നുണ്ട്.

Advertisement
Advertisement