ക്ഷീരകർഷകർക്ക് ആനുകൂല്യ മഴയുമായി മലബാർ മിൽമ
മാർച്ചിൽ കർഷകർക്ക് 16 കോടി രൂപ നൽകും
കോഴിക്കോട്: ക്ഷീര കർഷകർക്ക് മാർച്ചിൽ 16 കോടി രൂപ ധനസഹായം നൽകാൻ മലബാർ മേഖലാ യൂണിയൻ തീരുമാനിച്ചു. അധിക പാൽവിലയായി എട്ടു കോടിയും ക്ഷീര സംഘങ്ങൾക്ക് പ്രവർത്തന ഫണ്ടായി 50 ലക്ഷവും അംഗ സംഘങ്ങൾക്ക് ഓഹരി തുകയായി 5.5 കോടിയും സംഘങ്ങളിലെ ജീവനക്കാർക്ക് രണ്ട് കോടി രൂപയുമാണ് നൽകുന്നത്.
ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളിലൂടെ മേഖലാ യൂണിയന് നൽകുന്ന ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് നാല് രൂപ അധിക വില ലഭിക്കും. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീര കർഷകർക്ക് ഇതിലൂടെ എട്ടു കോടി രൂപ ലഭിക്കും.
മാർച്ചിൽ സംഭരിക്കുന്ന പാലിന് അധിക വിലയായി നേരത്തെ 1.5 രൂപ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ക്ഷീര കർഷകർക്ക് ഒരു ലിറ്റർ പാലിന് 50.95 രൂപ ലഭിക്കും.
മാർച്ചിലെ പാലളവ് കണക്കാക്കി ലിറ്ററിന് 25 പൈസ വീതം പ്രവർത്തന ഫണ്ടായി നൽകും. ഈയിനത്തിൽ 50 ലക്ഷം രൂപ സംഘങ്ങൾക്ക് ലഭിക്കും. ഡിസംബർ മുതൽ മാർച്ച് വരെ നൽകുന്ന പാലിന് ലിറ്ററിന് ഒരു രൂപ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ രണ്ടര കോടി രൂപ സംഘങ്ങൾക്ക് പ്രവർത്തന ഫണ്ടായി ലഭിക്കും.
നടപ്പു സാമ്പത്തിക വർഷത്തിൽ 49 കോടി രൂപ ക്ഷീര കർഷകർക്ക് നൽകി ചരിത്രം സൃഷ്ടിച്ചെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടർ കെ.സി. ജെയിംസ് എന്നിവർ അറിയിച്ചു.