അശ്ലീലപോസ്റ്റ്: വാട്സാപ്പ് പ്രതിനിധി ഹാജരാകണമെന്ന നോട്ടീസിന് സ്റ്റേ

Thursday 22 February 2024 12:34 AM IST

കൊച്ചി: അശ്ലീലപോസ്റ്റ് പ്രചരിപ്പിച്ചവരുടെ വിവരങ്ങൾ നൽകാത്തതിന്റെ പേരിൽ വാട്സാപ്പിന്റെ ഇന്ത്യൻ പ്രതിനിധി നേരിട്ട് ഹാജരാകണമെന്ന തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നോട്ടീസ് ഹൈക്കോടതി സ്റ്റേചെയ്തു. നോട്ടീസിനെതിരെ വാട്‌സാപ്പ് നല്കിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഇടക്കാല ഉത്തരവ്. കിളിമാനൂരിലെ വീട്ടമ്മയുടെ പരാതിയിൽ സൈബർ പൊലീസ് രജിസ്റ്റർചെയ്ത കേസാണ് മജിസ്ട്രേറ്റ് കോടതിയിലെത്തിയത്. അശ്ലീലപരാമർശം ആദ്യം പോസ്റ്റ് ചെയ്തത് ആരാണെന്ന വിവരം നല്കാൻ വാട്‌സാപ്പിനോട് കോടതി ആവശ്യപ്പെട്ടു. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ളതിനാൽ ഈ വിവരം നൽകാൻ കഴിയില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് വാട്‌സാപ്പ് പ്രതിനിധി നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ് നൽകിയത്. ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരമാവധി മൂന്നുവർഷം മാത്രം ശിക്ഷ ലഭിക്കുന്ന കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏഴ് വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്കേ ഇത്തരത്തിൽ വിവരം നൽകേണ്ടതുള്ളൂവെന്ന് ഹൈക്കോടതി വിലയിരുത്തി.