'മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന ജീവികളെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്'; കേന്ദ്ര വനം മന്ത്രി

Thursday 22 February 2024 12:38 PM IST

വയനാട്: മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന ജീവികളെ നേരിടാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര വനംമന്ത്രി ഭുപേന്ദർ യാദവ്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന പത്ത് ലക്ഷം കേന്ദ്ര വിഹിതമാണെന്നും സംസ്ഥാനത്തിന് വേണമെങ്കിൽ അത് കൂട്ടാമെന്നും മന്ത്രി വയനാട്ടിൽ പറ‌ഞ്ഞു.

വന്യജീവി സംരക്ഷണ നിയമം 1972ലെ വകുപ്പ് 11 അനുസരിച്ച്, മനുഷ്യന് അപായമുണ്ടാക്കുന്ന വന്യജീവികളെ നേരിടാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. ഇത്തരത്തിലുള്ള മൃഗങ്ങളെ പിടികൂടാനും, മയക്കുവെടി വയ്‌ക്കാനും, കൊല്ലാനുമുള്ള അവകാശമുണ്ട്. അതിനാൽ ഈ നിയമം വേണ്ട വിധത്തിൽ ഉപയോഗിച്ച് വയനാട്ടിലെ കർഷകരെയും അവരുടെ വിളകളെയും സംരക്ഷിക്കാൻ തയ്യാറാവണം.' - ഭുപേന്ദർ യാദവ് പറഞ്ഞു.

നിരന്തരം ശല്യമാകുന്ന വന്യമൃഗങ്ങളെ തുരത്തുകയോ കൊല്ലുകയോ ചെയ്യണമെന്ന് ജനങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്ര നിയമങ്ങൾ തടസമാകും എന്നതായിരുന്നു കേരള സർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നത്. ഈ ചോദ്യം ഇന്നും ആവർത്തിച്ചപ്പോഴാണ് മന്ത്രി മറുപടി നൽകിയത്. എന്നാൽ, കടുവ പോലുള്ള മൃഗങ്ങളാണെങ്കിൽ കേന്ദ്ര അനുമതി തേടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഫോൺ കോളിലൂടെയായാൽ പോലും അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.