മോഹൻലാലും സുരേഷ് കുമാറും തമ്മിൽ വലിയൊരു യുദ്ധം നടന്നു, സൂപ്പർഹിറ്റ് സിനിമയുടെ ജനനത്തിന് കാരണമായ വഴക്ക്
ഓരോ സിനിമയ‌്ക്ക് പിന്നിലും പ്രേക്ഷകൻ അറിയാത്ത ധാരാളം കഥകളുണ്ട്. പിൽക്കാലത്ത് അതിന്റെ തന്നെ അണിയറപ്രവർത്തകർ പറയുമ്പോഴാണ് രസകരമായ അത്തരം പല സംഭവങ്ങളും അറിയുക. അത്തരത്തിൽ ഒരു സിനിമാ വിശേഷം പങ്കുവയ‌്ക്കുകയാണ് സംവിധായകൻ കമൽ.
''ഒരുദിവസം ഡബ്ബിംഗ് എല്ലാം കഴിഞ്ഞ് ഹോട്ടലിലെ റൂമിൽ ഞാൻ കിടന്നുറങ്ങുമ്പോൾ ഒരു കോൾ വന്നു. സമയം ഏകദേശം 12.30 ആയിട്ടുണ്ടാകും. ഫോണിലെ അപ്പുറത്തെ ശബ്‌ദം മോഹൻലാലിന്റെതാണ്. ഞങ്ങൾ കുറച്ചുപേർ ഇവിടെ വുഡ്‌ലാൻഡ്‌സിലുണ്ട് ഒന്ന് ഇവിടംവരെ വരാമോ എന്നാണ് ലാൽ ചോദിച്ചത്. ഞാൻ അങ്ങോട്ടേക്ക് ചെന്നു. റൂമിന്റെ വാതിൽ തുറന്നത് സുരേഷ് കുമാർ ആയിരുന്നു. ഞാൻ കണ്ടകാഴ്‌ച രസകരമായിരുന്നു. സുരേഷിന്റെ മുഖമൊക്കെ തുടുത്ത് രോഷാകുലനായി നിൽക്കുവാണ്. ലാൽ കട്ടിലിൽ കിടക്കുവാണ്. പ്രിയദർശൻ, നടൻ മുരളി, ലാലിന്റെ സുഹൃത്ത് സനൽ കുമാർ, ടി.എ റസാഖ് എന്നിവരൊക്കെയുണ്ട്. എന്തൊക്കെയോ അവിടെ നടന്ന ലക്ഷണം കാണാം. രേവതി കലാമന്ദിർ എന്ന പേരിൽ സുരേഷും സനലും ചേർന്നാണ് അന്ന് സിനിമകൾ നിർമ്മിച്ചുകൊണ്ടിരുന്നത്. എന്തൊക്കയോ സംസാരം നടന്നതായി വ്യക്തമാണ്.
ലാൽ എന്നോട് പറഞ്ഞത് കമലിന് സുരേഷ് കുമാറിന് വേണ്ടി പെട്ടെന്നൊരു പടം ചെയ്യാൻ പറ്റുമോ എന്നാണ്. ഞാൻ അത്ഭുതപ്പെട്ടുപോയി. ഞാനും സുരേഷും തമ്മിൽ വലിയൊരു യുദ്ധം നടന്നിരിക്കുവാണെന്ന് ലാൽ പറഞ്ഞു. എന്താണ് കാര്യം എന്നുവച്ചാൽ സുരേഷിന് വേണ്ടി മോഹൻലാൽ ഒരു പടം ചെയ‌്തിട്ട് കുറേകാലമായി. അവർ കളിക്കൂട്ടുകാരാണല്ലോ. അതിന്റെ പേരിൽ നടന്ന കശപിശയും തുടർന്നുണ്ടായ തീരുമാനവുമാണ് എന്നെ കൊണ്ട് പടം ചെയ്യിക്കുക എന്നത്. അങ്ങനെയുണ്ടായ പ്രോജക്‌ടാണ് വിഷ്‌ണു ലോകം''.