'സാമുദായിക സംവരണം വർഗീയ വിപത്ത് ',​ പ്ലസ് വൺ പുസ്തകത്തിൽ നിയമവിരുദ്ധ പരാമർശം; പരിഹാരം സാമ്പത്തിക സംവരണമെന്നും വാദം

Friday 23 February 2024 4:02 AM IST

തിരുവനന്തപുരം: രാജ്യത്തെ പിന്നാക്ക-പട്ടിക ജനവിഭാഗങ്ങൾക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമുദായിക സംവരണം വർഗീയ വിപത്തെന്ന് പ്ലസ് വൺ പാഠപുസ്തകത്തിൽ വിവരണം. ഇതിന് പരിഹാരം സാമ്പത്തിക സംവരണമാണെന്നും പ്ലസ് വൺ സ്റ്റേറ്റ് സിലബസിൽപ്പെട്ട ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹ്യ പ്രവർത്തനം എന്ന വിഷയത്തിലെ പാഠഭാഗത്തിൽ പറയുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി എസ്.സി.ഇ.ആർ.ടി 2019ൽ തയ്യാറാക്കിയ ഈ പാഠഭാഗം സോഷ്യൽ വർക്ക് വിഷയം ഓപ്ഷനായി എടുത്ത കുട്ടികൾ നിർബന്ധമായും പഠിക്കേണ്ടതാണ്. ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികളെ കഴിഞ്ഞ അഞ്ചു വർഷമായി ഇത് പഠിപ്പിക്കുന്നു.

വർഗീയതയുടെ പരിണിത ഫലങ്ങളെക്കുറിച്ചാണ് പാഠഭാഗത്തിൽ ആദ്യം വിവരിക്കുന്നത്. വർഗീയത മൂലം സാമൂഹ്യ ഐക്യം തകരാറിലായേക്കാമെന്നും, സാമുദായിക സംഘടനകൾ സാമൂഹ്യ, സാംസ്കാരിക വികസനത്തിന് ഭീഷണിയാകുമെന്നും പറയുന്നു. അക്രമവും,സാമൂഹ്യ അരാജകത്വവും സമൂഹത്തിൽ മുന്നിട്ട് നിൽക്കും. ലഹളകൾ സ്ത്രീകളെയും കുട്ടികളെയുമാണ് കൂടുതൽ ബാധിക്കുന്നത്. ഇത് ജനങ്ങൾക്കിടയിൽ ഭയവും ഇച്ഛാഭംഗവും സൃഷ്ടിക്കും. വർഗീയ സംഘർഷങ്ങളുടെ മറവിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടമാടുമെന്നും മുന്നറിയിപ്പ് ന‌ൽകുന്നു.

വർഗീയ വിപത്ത് നിയന്ത്രിക്കുന്നതിനുള്ള എട്ട് പരിഹാര മാർഗങ്ങളും പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഇതിൽ അഞ്ചാമത്തേതാണ് സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തുകയെന്നത്. രാഷ്ട്രീയത്തിൽ നിന്ന് മതവിശ്വാസത്തെ ഒഴിവാക്കുക, സാമുദായിക തീവ്ര വികാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുക തുടങ്ങിയവയാണ് മറ്റ് പരിഹാരങ്ങളായി പറയുന്നത്.

പിന്നിൽ സവർണ ഉദ്യോഗസ്ഥ ലോബി

1.നിഗമനങ്ങൾ വിവാദമാവുമെന്ന് അറിയാവുന്നതിനാൽ, പാഠപുസ്തകത്തിന്റെ ഇംഗ്ലീഷ്

പതിപ്പ് മാത്രമാണ് പുറത്തിറക്കിയത്

2.മലയാളം പരിഭാഷ അച്ചടിച്ച് ഇറക്കിയിട്ടില്ല. എസ്.സി.ഇ.ആർ.ടി വെബ് സൈറ്റിലാണ് നൽകിയിട്ടുള്ളത്

3.അദ്ധ്യാപകർ ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് കുട്ടികളെ പഠിപ്പിക്കണം. നോട്ടുകൾ തയ്യാറാക്കി നൽകണം. കുട്ടികൾക്കും ആവശ്യമെങ്കിൽ പ്രിന്റെടുക്കാം.

4.സാമുദായിക സംവരണത്തിനെതിരെ കുട്ടികളിൽ 'വിഷം' കുത്തി വയ്ക്കുന്ന നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പരാമർശങ്ങൾക്ക് പിന്നിൽ സവർണ ഉദ്യോഗസ്ഥ ലോബിയാണെന്നാണ് ആക്ഷേപം

''എസ്.സി.ഇ.ആർ.ടിയുടെ ഇംഗ്ളീഷ് പുസ്തകത്തിലും വെബ് സൈറ്റിലും നിന്ന് നിയമ വിരുദ്ധ പാഠഭാഗങ്ങൾ ഉടൻ നീക്കം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം.

-വി.ആർ.ജോഷി,

മുൻ ഡയറക്ടർ,

സംസ്ഥാന പിന്നാക്ക

വികസന വകുപ്പ്