മലയാളികളെ പറ്റിക്കാനുള്ള സാധനമിറക്കുന്നത് തമിഴ്‌നാട്ടില്‍ നിന്ന്, അതിര്‍ത്തി കടന്നാല്‍ പേരും രൂപവും മാറും; കീശയിലെത്തുന്നത് ലക്ഷങ്ങള്‍

Thursday 22 February 2024 10:39 PM IST

വാളയാര്‍: ശിക്ഷാനടപടി ഫലപ്രദമല്ലാത്തതിനാല്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ ഊടുവഴികള്‍ കേന്ദ്രീകരിച്ച് റേഷനരി കടത്തുന്ന സംഘങ്ങള്‍ സജീവം. സ്പിരിറ്റ്, ചന്ദനം, ഇറച്ചിക്കോഴി എന്നിവ അനധികൃതമായി എത്തിയിരുന്ന വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദാപുരം, വേലന്താവളം, നടുപ്പണി ചെക്ക് പോസ്റ്റുകളിലൂടെയും സമാന്തര പാതകളിലൂടെയാണ് അരിയും നെല്ലും കടത്തുന്നത്. പ്രതിദിനം നാനൂറിലധികം ലോഡ് നെല്ലും അരിയും നികുതി വെട്ടിച്ച് കടത്തുന്നുണ്ട്.

ചെക്ക് പോസ്റ്റുകള്‍ക്ക് സമാന്തരമായി തെങ്ങിന്‍ തോപ്പികളിലൂടെയുള്ള ഊടുവഴികളാണ് അരികടത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലായി ചെറുതും വലുതുമായ നിരവധി സംഘങ്ങളാണുള്ളത്. തമിഴ്‌നാട്ടില്‍ കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന റേഷനരി അതിര്‍ത്തി കടന്നാല്‍ പാലക്കാടന്‍ മട്ടയരിയും പൊന്നിയരിയുമായി മാറും. രണ്ടുരൂപയ്ക്ക് ലഭിക്കുന്ന റേഷനരിയും ആറുമുതല്‍ എട്ടുരൂപയ്ക്ക് ലഭിക്കുന്ന മറ്റ് അരികളും വാങ്ങി പോളിഷ് ചെയ്ത് ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കമ്പനികളുടെ ബ്രാന്റ് നെയിം ഉപയോഗിച്ച് കൂടിയ വിലയ്ക്ക് കേരളത്തില്‍ വില്‍ക്കുന്നു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും അരിയേക്കാള്‍ മാര്‍ക്കറ്റില്‍ വില കൂടുതലാണ് ആന്ധ്ര, കര്‍ണാടക ബ്രാന്‍ഡ് നെയിം അരികള്‍ക്ക്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് അരി കൊണ്ടുവരുമ്പോള്‍ വിറ്റ ആളിന്റെയും വാങ്ങുന്ന ആളിന്റെയും വിവരം മാത്രം മതിയാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഇത്തരം രേഖകള്‍ ഉണ്ടാക്കിയാണ് കേരളത്തിലെ വമ്പന്മാരായ മില്ലുടമകള്‍ അനധികൃതമായി തമിഴ്‌നാട്ടില്‍ നിന്ന് അരിയും നെല്ലും കടത്തുന്നത്. രജിസ്‌ട്രേഷന്‍ ഇല്ലാത്ത വ്യാപാരികള്‍ അംഗീകൃത വ്യാപാരികളുടെ വണ്ടി രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചും അരി കള്ളക്കത്ത് നടത്തുന്നുണ്ട്.

ചിറ്റൂര്‍ അതിര്‍ത്തിയില്‍ രഹസ്യ കേന്ദ്രങ്ങള്‍

തമിഴ്‌നാട്ടില്‍ നിന്ന് ഇടനിലക്കാരെ ഉപയോഗിച്ച് പല ഭാഗങ്ങളില്‍ നിന്നായി വാങ്ങി ശേഖരിക്കുന്ന അരി ഇടനിലക്കാര്‍ മുഖേന തന്നെയാണ് അതിര്‍ത്തി പ്രദേശത്തുള്ള രഹസ്യ കേന്ദ്രങ്ങളിലെത്തിക്കുന്നത്. രാത്രി ലോറികളിലും പെട്ടി ഒട്ടോകളിലുമായി കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, കൊടുവായൂര്‍, കൊല്ലങ്കോട് എന്നിവിടങ്ങളിലെ ചില മില്ലുകളില്‍ എത്തിച്ച് അവിടെ നിന്ന് പോളിഷ് ചെയ്ത ശേഷം വിവിധ കമ്പനികളുടെ പേരില്‍ വിപണിയിലെത്തിക്കും. ഒന്നാംതരം പാലക്കാടന്‍ മട്ടയരിയും പൊന്നിയരിയുമൊക്കെയായി കിലോയ്ക്ക് 40 രൂപ മുതല്‍ 52 രൂപ നിരക്കിലാണ് വില്പന.

പരിശോധനയില്ലെന്ന് ഉറപ്പാക്കാനും സംഘം

ഊടുവഴികളിലൂടെ അരി കടത്തുന്നതിന് തോട്ടം ഉടമകള്‍ക്ക് വാഹനത്തിന്റെ വലുപ്പമനുസരിച്ച് 200 രൂപ മുതല്‍ 500 രൂപ വരെ കൊടുക്കും. വഴിയില്‍ പരിശോധന ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ ബൈക്കുകളില്‍ യുവാക്കളുടെ ഒരു സംഘം റോന്തുചുറ്റി അപ്പപ്പോഴുള്ള വിവരം ഫോണിലൂടെ വാഹനത്തിലുള്ളവരെ അറിയിക്കും.

ഇതെല്ലാം മറികടന്ന് പൊലീസ് പിടികൂടുന്ന തമിഴ്‌നാട് റേഷനരി നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പക്ഷേ അരികടത്ത് കേസുകളില്‍ കടുത്ത ശിക്ഷാനടപടി സ്വീകരിക്കാത്തതിനാല്‍ കള്ളക്കടത്ത് വര്‍ദ്ധിക്കുന്നു.