പുതിയ വാഹനത്തിന് രണ്ട് ദിവസത്തിനകം രജിസ്‌ട്രേഷൻ

Friday 23 February 2024 4:36 AM IST

തിരുവനന്തപുരം പുതുതായി വാഹനം രജിസ്റ്റർ ചെയ്യാൻ 'വാഹൻ" പോർട്ടൽ വഴി അപേക്ഷ ലഭിച്ചാൽ രണ്ടു പ്രവൃത്തി ദിവസത്തിനകം നമ്പർ അനുവദിക്കണമെന്നുള്ള സർക്കുലർ ട്രാൻസ്‌പോർട്ട് കമ്മീഷണർ പുറത്തിറക്കി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കും. അപേക്ഷ നിരസിക്കേണ്ട സാഹചര്യമുണ്ടായാൽ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം.

വാഹനം ഒരു സ്ഥാപന മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ അപേക്ഷ സമർപ്പിക്കുമ്പോൾ അയാളുടെ ആധാർ, പാൻ വിവരങ്ങൾ വേണമെന്ന് നിർബന്ധിക്കരുത്. സ്ഥാപനങ്ങളുടെ പാൻ, ടാൻ വിവരങ്ങൾ ഉൾപ്പെടുത്തി തുടർ നടപടി സ്വീകരിക്കണം.

അപേക്ഷയിൽ നോമിനി നിർബന്ധമല്ല. നോമിനിയുടെ പേരുണ്ടെങ്കിലേ ഐ.ഡി പ്രൂഫ് ആവശ്യപ്പെടാവൂ. സംസ്ഥാനത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാനത്ത് മേൽവിലാസമുള്ളവർ ആധാറിന്റെ പകർപ്പിനോടൊപ്പം താത്കാലിക മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിച്ചാൽ രജിസ്‌ട്രേഷൻ അനുവദിക്കണം. സർക്കാർ/പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓഫീസ് തിരിച്ചറിയൽ കാർഡ്- തസ്തിക, വിലാസം, നൽകിയ തീയതി രേഖപ്പെടുത്തിയത്, അല്ലെങ്കിൽ ഓഫീസ് മേധാവിയുടെ സർട്ടിഫിക്കറ്റും വേണം. നിർദ്ദേശങ്ങൾ മാർച്ച് ഒന്നു മുതൽ നിലവിൽ വരും.