ആർച്ച് ബിഷപ്പ് പാംപ്ലാനിയുടെ വിമർശനം; മന്ത്രിയേക്കാൾ ഭേദം കടുവ

Friday 23 February 2024 12:44 AM IST

കൽപ്പറ്റ: കേരളത്തിലെ ചില മന്ത്രിമാരുടെ പ്രസ്താവനയെക്കാൾ ഭേദം കടുവ തന്നെയാണെന്ന് തലശേരി അതിരൂപതാ അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വന്യമൃഗ ശല്യത്തിനെതിരെ കൽപ്പറ്റയിൽ മാനന്തവാടി രൂപത നടത്തിയ കർഷക റാലിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര വിഷയമായതിനാൽ നമുക്ക് ഒന്നും ചെയ്യാനില്ലെന്നാണ് മന്ത്രിമാർ പറയുന്നത്. പിന്നെ എന്തിനാണ് വെള്ളാനയെ പോലെ വനം വകുപ്പിനെ ഇങ്ങനെ നിലനിറുത്തുന്നത്. വയനാട്ടിലെ വന്യമൃഗങ്ങളുടെ ആക്രമണം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ തികഞ്ഞ പരാജയമാണ്. കർഷകർക്കെതിരെ എടുത്ത കേസ് പിൻവലിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിനു വോട്ട് തേടി ആരും വരേണ്ട. ഊരിപ്പിടിച്ച വാളിനിടയിലൂടെ വന്നയാളാണ് മുഖ്യമന്ത്രിയെങ്കിൽ തങ്ങൾ വന്യമൃഗങ്ങളുടെ ഇടയിലൂടെയാണ് എല്ലാദിവസവും നടക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം അദ്ധ്യക്ഷത വഹിച്ചു. കൈനാട്ടിയിലെ ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു. റാലിയുടെ ഏറ്റവും മുൻനിരയിൽ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട പടമല പനച്ചിൽ അജീഷ്, പാക്കം വെളളച്ചാലിൽ വി.പി.പോൾ എന്നിവരുടെ മക്കളും ഭാര്യമാരും മറ്റു ബന്ധുക്കളും അണിനിരന്നു. റാലിക്ക് മുന്നോടിയായി വയനാട് കളക്ടറേറ്റ് പടിക്കൽ കാലത്ത് ഉപവാസവും നടത്തി. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ഡോ. കെ.പി.സാജു അദ്ധ്യക്ഷത വഹിച്ചു.

കേസ് പിൻവലിക്കണം

പ്രതിഷേധങ്ങളുടെ പേരിൽ എടുത്ത കേസ് പിൻവലിച്ച് തെറ്റു തുറന്നുപറയാൻ സർക്കാർ തയ്യാറാകണമെന്ന് പാംപ്ലാനി പറഞ്ഞു. വയനാട്ടിൽ റേഡിയോ കോളർ ഘടിപ്പിക്കേണ്ടത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശരീരത്തിലാണ്. സാധാരണ കർഷകർ സമരത്തിന് ഇറങ്ങാറില്ല. ഇറങ്ങിയാൽ മുന്നോട്ടുവച്ച കാൽ പിറകോട്ട് എടുക്കാറുമില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രകടന പത്രികകൾ എല്ലാം വെറും വാഗ്ദാനങ്ങൾ മാത്രമാണെന്ന് താമരശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. വയനാട്ടിൽ നിന്ന് ഒരു കർഷക പ്രതിനിധിയെ ഇത്തവണ ലോക‌്സഭയിലേക്ക് അയക്കണം.

Advertisement
Advertisement