പദയാത്രകളിൽ ആവേശം പതഞ്ഞ് മ്മടെ തൃശൂര്

Friday 23 February 2024 12:54 AM IST

തൃശൂർ: സുരേഷ് ഗോപിയുടെ കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള പദയാത്ര. ഇപ്പോൾ ടി.എൻ. പ്രതാപൻ എം.പിയുടെ സ്‌നേഹ സന്ദേശ പദയാത്ര... സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ കാൽനട യാത്രകളാണ് തൃശൂരിന്റെ ട്രെൻഡ്. മാർച്ച് അഞ്ച് വരെയാണ് പ്രതാപന്റെ യാത്ര. ഇത് തിരഞ്ഞെടുപ്പ് പ്രചാരണമല്ലെന്നും വെറുപ്പിനെതിരെയാണ് നടത്തമെന്നും പ്രതാപൻ പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ ഓളത്തിലാണ് പ്രവർത്തകർ. യാത്രയുടെ ഭാഗമായി മിതമായി നിരക്കിൽ ചായയും പപ്പടവടയും നൽകുന്ന സഞ്ചരിക്കുന്ന സ്‌നേഹക്കടകളുമുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിച്ച 'സമരാഗ്‌നി'യുടെ ഭാഗമായി പി.ചിദംബരത്തെ പങ്കെടുപ്പിച്ച് നടന്ന പൊതുസമ്മേളനത്തിന് പിന്നാലെയാണ് പ്രതാപന്റെ യാത്ര.
കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ജില്ലയിലെത്തിയതോടെ ബി.ജെ.പിയും ആവേശത്തിലാണ്.

അതേസമയം, മുൻ കൃഷിമന്ത്രിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വി.എസ്.സുനിൽ കുമാറും പൊതുപരിപാടികളിൽ സജീവമാണ്. ഫയർ സർവീസ് ഡ്രൈവേഴ്‌സ് ആൻഡ് മെക്കാനിക്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത് സുനിൽകുമാറാണ്. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത പട്ടയമേള ജില്ലയിൽ നടന്നു. ഞായറാഴ്ച സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖവുമുണ്ട്. ചുരുക്കത്തിൽ അനൗദ്യോഗിക പ്രചാരണത്തിന്റെ ഉഷ്ണതരംഗമാണിവിടെ. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞാൽ ഇടതുമുന്നണിയുടെ ദേശീയ നേതാക്കൾ ആദ്യമെത്തുന്ന മണ്ഡലങ്ങളിലൊന്നാകും തൃശൂർ. അമിത് ഷാ ഒരു തവണയും നരേന്ദ്രമോദി രണ്ട് തവണയും തൃശൂരിലെത്തി സുരേഷ് ഗോപിക്ക് കളമൊരുക്കിയതോടെ, എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണവേദികളിൽ കൂടുതൽ താരപ്രചാരകരെ എത്തിക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തൃശൂരിലെത്തിയിരുന്നു.

കേന്ദ്രത്തിന്റെ കണ്ണ്

ദേശീയശ്രദ്ധ നേടിയ വി.ഐ.പി സീറ്റുകളിലൊന്നായ തൃശൂരിൽ പൊള്ളുന്ന വേനൽ വകവയ്ക്കാതെ ചുവരെഴുത്തുമായി പ്രവർത്തകരും സജീവം. സ്ഥാനാർത്ഥികളുടെ പേര് എഴുതുന്നില്ലെങ്കിലും ചിഹ്നവും മുന്നണിയുടെ പേരും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രചാരണായുധമാക്കുന്നുണ്ട്. 'തൃശൂരിന് കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരന്റി" എന്നെഴുതി താമരച്ചിത്രവും വരച്ചാണ് ആദ്യതന്ത്രം എൻ.ഡി.എ പയറ്റിയത്.

Advertisement
Advertisement