അനിരുദ്ധൻ; ചിറയിൻകീഴിനെ പിടിച്ചുലച്ച ജയന്റ്കില്ലർ

Saturday 24 February 2024 12:01 AM IST

പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയ നിർണ്ണായകമായ പല മത്സരങ്ങൾക്കും സാക്ഷ്യം വഹിച്ചതാണ് പിന്നീട് ആറ്റിങ്ങൽ

മണ്ഡലമായി മാറിയ പഴയ ചിറയിൻകീഴ്. വർക്കല,​ആറ്റിങ്ങൽ,​ കിളിമാനൂർ,​വാമനപുരം,​ നെടുമങ്ങാട്,​ ആര്യനാട്,​ കഴക്കൂട്ടം അസംബ്ളി മണ്ഡലങ്ങളാണ് അന്ന് ചിറയിൻകീഴ് ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്നത്. ആറ്റിങ്ങലായതോടെ കിളിമാനൂരും ആര്യനാടും ഇല്ലാതായി.

കേരള ചരിത്രത്തിൽ ഏവരെയും ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഒന്നു പിറന്നത് 1967-ൽ ചിറയിൻകീഴിലായിരുന്നു. കോൺഗ്രസുകാരനായ ആദ്യ കേരള മുഖ്യമന്ത്രി ആർ.ശങ്കറിന്റെ കടുത്ത തോൽവിക്കാണ് അക്കുറി ചിറയിൻകീഴ് വേദിയായത്. സി.പി.എമ്മിന്റെ 40 കാരനായ തീപ്പൊരി നേതാവ് കെ.അനിരുദ്ധനാണ് ശങ്കറെ പരാജയപ്പെടുത്തിയത് . 29,343 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ആർ.ശങ്കറും കെ.അനിരുദ്ധനും അതിന് മുമ്പും തിരഞ്ഞെടുപ്പ് ഗോദയിൽ ഏറ്രുമുട്ടിയിരുന്നു. 1965ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം അസംബ്ളി മണ്ഡലത്തിൽ. ചൈന ചാരന്മാരെന്ന് ആരോപിച്ച് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ള കാലം. മറ്റു പല നേതാക്കൾക്കുമൊപ്പം കെ.അനിരുദ്ധനും അന്ന് തടവറയിലാണ്. ആർ.ശങ്കറോട് മുട്ടാൻ പറ്റിയ പോരാളി അനിരുദ്ധനാണെന്ന് സി.പി.എം നേതൃത്വം കണക്ക് കൂട്ടി. അങ്ങനെ ജയിലിൽ കിടന്നു കൊണ്ട് അനിരുദ്ധൻ മത്സരത്തിനിറങ്ങി. തടവറയിൽ ബന്ധനസ്ഥനായി കഴിയുന്ന അനിരുദ്ധന്റെ വലിയ ചിത്രം വരച്ച് വാഹനത്തിൽ കൊണ്ടു നടന്ന് പ്രദർശിപ്പിച്ചായിരുന്നു അന്ന് പ്രചാരണം. ഏതായാലും ജയം അനിരുദ്ധനൊപ്പമായിരുന്നു. പിന്നെയും കുറേക്കാലം കഴിഞ്ഞാണ് അദ്ദേഹം ജയിൽ മോചിതനായത്.

രണ്ട് വർഷം കഴിഞ്ഞ് ലോക് സഭാ , നിയമസഭാ തിരഞ്ഞെടുപ്പ് ഒരുമിച്ച് വന്ന ഘട്ടത്തിലാണ് ചിറയിൻകീഴ് മണ്ഡലത്തിൽ പഴയ എതിരാളികൾ വീണ്ടും കൊമ്പുകോർത്തത്. അവിടെ ജയം ആർ.ശങ്കറിനാവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിധിയെഴുതി. അസംബ്ളി മത്സരത്തിലെ തോൽവിക്ക് ആർ.ശങ്കർ പകരം വീട്ടുമെന്നും ഏവരും വിശ്വസിച്ചു. രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളും എസ്.എസ്.പിയും മുസ്ലിം ലീഗും ചേർന്ന മുന്നണിയുടെ സ്ഥാനാർത്ഥിയായിട്ടാണ് അനിരുദ്ധൻ ഇറങ്ങിയത്. കോൺഗ്രസ് പ്രതീക്ഷ ആർ.ശങ്കറിലും. അവിശ്വസനീയമായിരുന്നു തിരഞ്ഞെടുപ്പ് ഫലം. അനിരുദ്ധൻ 1,​57,​040 വോട്ടുകൾ നേടിയപ്പോൾ ശങ്കറിന്റെ പെട്ടിയിൽ വീണത് 1,​27,​697 വോട്ടുകൾ മാത്രം. 29,343 വോട്ടുകളുടെ വൻ ഭൂരിപക്ഷം അനിരുദ്ധന്.