ഇ.വി.എമ്മിനെതിരെ പ്രതിഷേധം; ദിഗ്‌വിജയ് സിംഗ് അറസ്റ്റിൽ

Friday 23 February 2024 12:12 AM IST

ന്യൂഡൽഹി: 'ഇ.വി.എം ഹഠാവോ മോർച്ച"യുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ദിഗ് വിജയ് സിംഗ്, മുൻ എം.പിയും മോർച്ച കൺവീനറുമായ ഉദിത് രാജ് തുടങ്ങിയവരെ അറസ്റ്റു ചെയ്‌തു നീക്കി. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത തെളിയിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡൽഹി ജന്ദർ മന്ദറിൽ മാർച്ചിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് റെയ്‌സീന റോഡിലെ യൂത്ത് കോൺഗ്രസ് ഓഫീസിന് മുന്നിലാണ് നൂറു കണക്കിന് പേർ പ്രതിഷേധിച്ചത്.

മെഷീനുകളെ സംബന്ധിച്ച ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി പ്രകടനം നടത്തുന്നതിനിടെയാണ് നേതാക്കൾ അറസ്റ്റിലായതെന്ന് സംഘാടകർ പറഞ്ഞു. ചടങ്ങിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപക് ബാബരിയ, ഡൽഹി പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദർ സിംഗ് ലൗലി, രാജേന്ദ്ര പാൽ ഗൗതം തുടങ്ങിയവരും പങ്കെടുത്തു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നറിഞ്ഞാണ് ജന്ദർ മന്ദറിൽ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതെന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. എന്തിനാണ് കേന്ദ്രസർക്കാർ ഭയക്കുന്നതെന്നും ചോദിച്ചു. പ്രതിഷേധ പരിപാടികൾ തുടരുമെന്ന് ഉദിത് രാജും പ്രതികരിച്ചു.