വിദ്യാർത്ഥിനിയുടെ മരണം: കരാട്ടെ അദ്ധ്യാപകൻ അറസ്റ്റിൽ

Friday 23 February 2024 12:30 AM IST

എടവണ്ണപ്പാറ: ചാലിയാർ പുഴയിൽ വിദ്യാർത്ഥിനി മുങ്ങി മരിച്ച സംഭവത്തിൽ കരാട്ടെ പരിശീലകൻ ഊർക്കടവ് സ്വദേശി

സിദ്ദിഖ് അലിയെ(43)​ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കരാട്ടെ പരിശീലകൻ പീഡനത്തിനിരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിൽ പ്രതിയെ ബുധനാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിക്കെതിരെ നേരത്തെയും രണ്ട് പോക്സോ കേസുകളുണ്ട്.

ചാലിയാർ വട്ടത്തൂർ മുട്ടുങ്ങൽ കടവിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ആറിന് കാണാതായ കുട്ടിയെ രാത്രി എട്ടോടെ ചാലിയാർ പുഴയിൽ അധികം വെള്ളമില്ലാത്ത ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ല.ഇന്നലെ ചാലിയാർ മുട്ടുങ്ങൽ കടവിൽ നടത്തിയ തെരച്ചിലിൽ മൃതദേഹം കിടന്നിരുന്നതിന് സമീപത്ത് പെൺകുട്ടിയുടെ ചുരിദാർ ടോപ്പും ഷാളും കണ്ടെത്തി. വസ്ത്രത്തിൽ കീറലുകളോ മറ്റോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിലും ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് വിവരം. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടു പേരെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. അയൽവാസികളിൽ ചിലർ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ബൈക്കോടിച്ച് പോയി. ഒരാൾക്ക് മുപ്പത് വയസ് തോന്നിക്കും. മറ്റേയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്നും കുട്ടിയെ കരാട്ടെ അദ്ധ്യാപകൻ പീഡിപ്പിച്ചിരുന്നതായും പെൺകുട്ടിയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. സ്കൂളിലെ കൗൺസലിംഗിലാണ് പീഡന വിവരം പുറത്തു വന്നത്. തുടർന്ന് കോഴിക്കോട് ശിശുക്ഷേമ സമിതി അധികൃതർ പരാതി വാഴക്കാട് പൊലീസിന് കൈമാറിയിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുക്കാനിരിക്കെയാണ് ദുരൂഹസാഹചര്യത്തിലുള്ള മരണം.പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയിൽ ബ്ളാക്ക് ബെൽറ്റ് നേടിയിരുന്നു.

Advertisement
Advertisement