ബൈജൂസിന് എതിരെ വീണ്ടും ലുക്കൗട്ട് നോട്ടീസ്

Friday 23 February 2024 12:42 AM IST

കൊച്ചി: വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചെന്ന കേസിൽ പ്രമുഖ ഓൺലൈൻ എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും മലയാളി സംരംഭകനുമായ ബൈജു രവീന്ദ്രനെതിരെ വീണ്ടും ലുക്കൗട്ട് നോട്ടീസിറക്കാൻ ഇ.ഡി. നേരത്തെ പുറപ്പെടുവിച്ച നോട്ടീസ് പുതുക്കാൻ ബ്യൂറോ ഒഫ് ഇമിഗ്രേഷന് നിർദ്ദേശം നൽകി. ഇതോടെ ബൈജു രവീന്ദ്രന്റെ അറസ്റ്റിന് സാദ്ധ്യതയേറി. ബൈജു ദുബായിലാണെന്നാണ് വിവരം.

വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ച് 9,360 കോടിയുടെ ഇടപാടുകൾ നടത്തിയെന്ന കേസിൽ കമ്പനിക്കും ബൈജു രവീന്ദ്രനുമെതിരെ കഴിഞ്ഞ നവംബറിലാണ് ഇ.ഡി കേസെടുത്തത്. വിദേശ പണമിടപാടുകളുടെ രേഖകൾ യഥാസമയം സമർപ്പിക്കുന്നതിലും വിദേശ നിക്ഷേപച്ചട്ടങ്ങൾ പാലിക്കുന്നതിലും വീഴ്ച വരുത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.

അതേസമയം, കമ്പനിയുടെ ഭരണനിർവഹണ പദവികളിൽ നിന്ന് ബൈജു രവീന്ദ്രനെയും കുടുംബത്തെയും പുറത്താക്കാൻ ആവശ്യപ്പെട്ടുള്ള ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം ഇന്ന് നടക്കും. നിക്ഷേപകരായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ആവശ്യപ്രകാരം യോഗം നടത്തുന്നതിനെതിരെ ബൈജൂസ് നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.