തദ്ദേശ ഉപതിരഞ്ഞെടുപ്പ്;  ആറിടത്ത്  എൽഡിഎഫിന് അട്ടിമറി  ജയം, മട്ടന്നൂർ ബിജെപി പിടിച്ചെടുത്തു 

Friday 23 February 2024 11:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി. ആറിടത്താണ് എൽഡിഎഫ് അട്ടിമറി വിജയം നടത്തിയത്. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലത്തും വെള്ളാറിലും ബിജെപിയെ അട്ടിമറിച്ച് എൽഡിഎഫ് വിജയം കെെവരിച്ചു.

നെടുമ്പാശേരിയിലും മുല്ലശേരിയിലും യുഡിഎഫിനെ അട്ടിമറിച്ച് എൽഡിഎഫ് സീറ്റ് നേടി. കണ്ണൂർ മുഴപ്പിലങ്ങാട് അഞ്ചാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം പഴയകുന്നുമ്മൽ വാർഡ് എൽഡിഎഫ് നിലനിർത്തിയിട്ടുണ്ട്. ചടയമംഗലം പഞ്ചായത്തും കുരിയോട് വാർഡും എൽഡിഎഫിന് തന്നെ.

പാലക്കാട് പൂക്കോട്ടുകാവിൽ സിപിഎമ്മിന് ജയം. നിലവിൽ യുഡിഎഫ് ഏഴിടത്ത് ജയിച്ചു. മൂന്നാർ മൂലക്കട, പതിനെട്ടാം വാർഡുകളിൽ കോൺഗ്രസിന് ജയം. മലപ്പുറം കോട്ടക്കൽ ചൂണ്ട, ഈസ്റ്റ് വില്ലൂർ വാർഡുകളിലും യുഡിഎഫ് വിജയിച്ചു. കണ്ണൂർ മാടായി, രാമന്തളി വാർഡുകൾ യുഡിഎഫ് നിലനിർത്തി.

പത്ത് ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഇടത്ത് ബിജെപി ജയിച്ചു. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിൽ ബിജെപിക്ക് ആദ്യ ജയം നേടാൻ കഴിഞ്ഞു. കോൺഗ്രസ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. പൂവച്ചൽ പഞ്ചായത്ത് ആറാം വാർഡും ബിജെപി നിലനിർത്തി. കുട്ടനാട് വെളിയനാടും ബിജെപി സ്ഥാനാർത്ഥി ജയിച്ചു.

Advertisement
Advertisement