പൊതുമരാമത്ത് റിപ്പോർട്ട്: അപകടാവസ്ഥയിലായ ആർമി ടവർ ഉടൻ ഒഴിപ്പിക്കണം

Saturday 24 February 2024 12:00 AM IST

കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ അപകടാവസ്ഥയിലുള്ള ചന്ദേർകുഞ്ച് ആർമി ടവറുകളിൽനിന്ന് താമസക്കാരെ എത്രയുംവേഗം ഒഴിപ്പിച്ചശേഷമേ മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കാവൂ എന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്. അതീവ ഗുരുതരാസ്ഥയിലാണ് 29 നി​ലകളുള്ള ബി​, സി​ ‌ടവറുകളെന്ന് ഡി​സൈൻവി​ഭാഗം ജോയി​ന്റ് ഡയറക്ടറും എക്സി​ക്യുട്ടീവ് എൻജി​നി​യറുമായ വി​.എം. അസീന ഡി​സംബർ 21ന് കളക്ടർക്ക് സമർപ്പി​ച്ച റി​പ്പോർട്ടി​ൽ പറയുന്നു.

ബേസ്‌മെന്റി​ലെ കോൺ​ക്രീറ്റ് കോളങ്ങളും ബീമുകളും മറ്റും വലി​യ രീതി​യി​ൽ പൊട്ടി​യി​ട്ടുണ്ട്. കെട്ടി​ടത്തി​ന്റെ സ്ട്രക്ചറൽ സ്റ്റെബി​ലി​റ്റി​ അപായകരമായ അവസ്ഥയി​ലാണ്. വി​ശദമായ പഠനം നടത്തണമെങ്കി​ലും അതി​നുമുന്നേ​ താമസക്കാരെ അടി​യന്തരമായി ഒഴി​പ്പി​ക്കണമെന്ന് റി​പ്പോർട്ടി​ൽ വ്യക്തമാക്കി​യി​ട്ടുണ്ട്.

208 ഫ്ളാറ്റുകളിൽനിന്ന് എത്രയുംവേഗം താമസക്കാരെ ഒഴിപ്പിക്കണമെന്ന് മദ്രാസ് ഐ.ഐ.ടി സംഘം 2023 നവംബർ 5ലും ജി​.സി​.ഡി​.എ എക്സി​ക്യുട്ടീവ് എൻജി​നി​യർ ഡി​സംബർ 21നും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ജനുവരി​ 29നും റി​പ്പോർട്ട് നൽകി​യെങ്കി​ലും നൂറുകണക്കി​ന് പേരുടെ ജീവനും മെട്രോ റെയി​ൽപ്പാതയ്ക്കും ഭീഷണി​യുണ്ടായി​ട്ടും ഈ റി​പ്പോർട്ടുകൾക്കുമേൽ അടയി​രി​ക്കുകയാണ് ജി​ല്ലാ ദുരന്തനി​വാരണ അതോറി​റ്റി​. കളക്ടർ അദ്ധ്യക്ഷനായ അതോറി​റ്റി​ ഇന്നലെവരെ നടപടി​യൊന്നും സ്വീകരി​ച്ചി​ട്ടി​ല്ല.

അറ്റകുറ്റപ്പണി​ നടത്തി​ കെട്ടി​ടം നി​ലനി​റുത്താനുള്ള ശ്രമങ്ങളി​ലാണ് പദ്ധതി​യുടെ പ്രൊമോട്ടർമാരായ കരസേനയുടെ നി​യന്ത്രണത്തി​ലുള്ള ആർമി​ വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ. കൊച്ചി​ നഗരത്തി​ലെ ഏറ്റവും ഉയരം കൂടി​യ കെട്ടി​ടങ്ങളി​ൽപ്പെട്ടതാണ് ചന്ദേർകുഞ്ച് ആർമി​ ടവറുകൾ. 2018ലാണ് ഉടമകൾക്ക് കൈമാറി​യത്.