ഇടത് മുന്നേറ്റത്തിന് ഊർജ്ജം പകർന്ന് പന്ന്യന്റെ തിരിച്ചുവരവ്
തിരുവനന്തപുരം: ' എന്താണ് തിരുവനന്തപുരത്ത് ഒരു വീടെടുക്കാത്തത്? ഭാര്യയെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരാത്തതെന്താണ്?
ഒരു കാർ വാങ്ങാത്തതെന്താണ്? ' ഈ ചോദ്യങ്ങൾ ചോദിക്കുന്നവരോട് സി.പി.ഐ മുൻ സെക്രട്ടറി പന്ന്യൻ രവീന്ദ്രന് ഒരു ഉത്തരമേയുള്ളു. ' കാശു വേണ്ടേ? മുൻ എം.പിയെന്ന നിലയിൽ ലഭിക്കുന്ന പെൻഷൻ 25000 രൂപയാണ്. അതിൽ നാലായിരം രൂപ പാർട്ടി ലെവി നൽകിക്കഴിഞ്ഞാലുള്ള 21000 രൂപയാണ് എന്റെ വരുമാനം. ആരിൽ നിന്നും അഞ്ചു പൈസ വാങ്ങില്ല .' പന്ന്യൻ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്ന് കേൾക്കുമ്പോൾ അണികൾ ആവേശം കൊള്ളുന്നത് അദ്ദേഹത്തിന്റെ ഈ കറപുരളാത്ത വ്യക്തിത്വത്തിലാണ്.
ഇനി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു രംഗത്തു നിന്ന് പിന്തിരിഞ്ഞു നടന്നിട്ടും പാർട്ടി വീണ്ടും രംഗത്തിറക്കുകയാണ് പന്ന്യൻരവീന്ദനെ. നാട്യങ്ങളില്ലാത്ത പന്ന്യന് സാധാരണക്കാരന്റെ മനസിൽ വലിയൊരു ഇടമുണ്ടെന്ന തിരിച്ചറിവാണ് തിരുവനന്തപുരം പോലൊരു വി.ഐ.പി മണ്ഡലത്തിൽ അദ്ദേഹത്തെ ഇറക്കാൻ സി.പി.ഐയെ പ്രേരിപ്പിക്കുന്നത്. തെളിനീർപോലുള്ള ഈ വ്യക്തിത്വമാണ് അദ്ദേഹത്തിന്റെ 'ഹൈലൈറ്റ് '.
യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരെന്ന് നേരത്തെ ഉറപ്പിച്ചതാണ്. വ്യക്തിപ്രഭാവത്തിന് മുൻതൂക്കം നൽകിയുള്ള സ്ഥാനാർത്ഥിയെയാവും ബി.ജെ.പിയും ഇറക്കുക. രണ്ട് കൂട്ടരോടും പൊരുതാനുള്ള കായബലം കളത്തിലിറങ്ങിയാൽ പന്ന്യന് കിട്ടുമെന്നാണ് ഇടതുപ്രതീക്ഷ. സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് , 'ഔദ്യോഗിക തീരുമാനം വരട്ടെ"യെന്നുള്ള പക്വമായ മറുപടി. എങ്കിലും തിരഞ്ഞെടുപ്പ് സാഹചര്യത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിലെ സ്ഥിതിയല്ല ഇപ്പോഴെന്നും പന്ന്യൻ ചൂണ്ടിക്കാട്ടി.''കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന പ്രതീക്ഷ ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ളവർക്കുണ്ടായിരുന്നു. യു.ഡി.എഫിന് ഇത്രയധികം സീറ്റുകൾ കേരളത്തിൽ കിട്ടാൻ ഇത് കാരണമായി. എന്നാൽ സംഭവിച്ചത് മറിച്ചാണ്. രാജ്യത്ത് മതനിരപേക്ഷത ഉറപ്പാക്കാൻ ഇന്ത്യ മുന്നണിക്ക് കഴിയുമെന്ന ഒരു വിശ്വാസം ഇപ്പോൾ ഉയർന്നിട്ടുണ്ട്. ' പന്ന്യൻ പറയുന്നു.
പി.കെ.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് 2005-ൽ തിരുവനന്തപുരത്ത്നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യൻ രവീന്ദ്രൻ ആദ്യമായി ലോക് സഭയിലേക്ക് മത്സരിക്കുന്നത്. 74,200 വോട്ടുകളുടെ വ്യത്യാസത്തിലാണ് അന്ന് കോൺഗ്രസ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാറിനെ അദ്ദേഹം തോൽപ്പിച്ചത്.
കഴിഞ്ഞ 15 വർഷങ്ങളായി മണ്ഡലത്തെ പ്രതിനിധീകരിച്ച എം.പിയുടെ പ്രവർത്തനങ്ങൾ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിനുമുണ്ട്, പന്ന്യൻ സ്റ്റൈൽ മറുപടി ''എതിർ സ്ഥാനാർത്ഥിയെ വിമർശിക്കാൻ ഞാൻ തയ്യാറല്ല, ഇക്കാര്യങ്ങൾ വോട്ടു ചെയ്യുന്ന ജനങ്ങളാണ് പരിശോധിക്കേണ്ടത്.""
സാധാരണ കുടുംബത്തിൽ നിന്ന് വന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പദവി വരെയെത്തിയ പന്ന്യൻ രവീന്ദ്രനെ ജനങ്ങൾക്ക് നന്നായി അറിയാമെന്നതാണ് ഏറ്റവും പ്രധാനമെന്ന് മന്ത്രി ജി.ആർ.അനിൽ. ''എല്ലാവരുടെയും കാര്യങ്ങളിൽ എപ്പോഴും ഒപ്പമുള്ളയാൾ . വിവിധ മേഖലകളിൽ പ്രവർത്തിച്ചപ്പോഴും ഒരുവിധ കളങ്കവും ഏൽക്കാത്ത പച്ചയായ മനുഷ്യൻ. ആ സ്നേഹം ജനങ്ങൾ അദ്ദേഹത്തിന് തിരിച്ചുനൽകും.' അനിൽ പറഞ്ഞു.