ആലത്തൂരിൽ ബി.ജെ.പി മത്സരിച്ചേക്കും
തൃശൂർ: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി മത്സരിച്ചേക്കും. കഴിഞ്ഞതവണ ബി.ഡി.ജെ.എസായിരുന്നു ഇവിടെ മത്സരിച്ചത്. ജയസാദ്ധ്യതയുള്ള സീറ്റുകൾ നേടാനാണ് ബി.ഡി.ജെ.എസിന്റെ ശ്രമം.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് സൂചന. മന്ത്രി കെ. രാധാകൃഷ്ണൻ സി.പി.എം സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. രാധാകൃഷ്ണനെതിരെ സിറ്റിംഗ് എം.പി രമ്യ ഹരിദാസാകും കോൺഗ്രസ് സ്ഥാനാർത്ഥി.
തൃശൂർ, പാലക്കാട് ജില്ലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആലത്തൂർ മണ്ഡലം. മണ്ഡലത്തിലുള്ള മന്ത്രി രാധാകൃഷ്ണന്റെ സ്വാധീനം തുണയാകുമെന്ന് സി.പി.എം കരുതുന്നു. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് രാധാകൃഷ്ണനുള്ളത്. കോൺഗ്രസിലെ പടലപ്പിണക്കം തങ്ങൾക്ക് തുണയാകുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. അതേസമയം സാധാരണക്കാർക്കിടയിൽ രമ്യയ്‌ക്ക് സ്വാധീനമുണ്ട്.