കളത്തിലിറങ്ങി ഐസക്, പത്തനംതിട്ട നോട്ടമിട്ട് പി.സി

Saturday 24 February 2024 12:05 AM IST

പത്തനംതിട്ട: മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാർത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായ തോമസ് ഐസക് ആത്മവിശ്വാസത്തിലാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന അദ്ദേഹം കളത്തിലിറങ്ങി. മൂന്നുതവണ വിജയിച്ച സിറ്റിംഗ് എം.പിയായ ആന്റോ ആന്റണിയോട് ജനങ്ങൾക്ക് എതിർവികാരമുണ്ടെന്നാണ് സി.പി.എം വിലയിരുത്തൽ.

എൽ.ഡി.എഫിനു ജയസാദ്ധ്യതയുള്ള മണ്ഡലമാണ് പത്തനംതിട്ടയെന്ന് തോമസ് ഐസക് പറഞ്ഞു. ബി.ജെ.പി ചില ക്രൈസ്തവ പുരോഹിതരെ കണ്ടതുകൊണ്ട് പ്രയോജനമുണ്ടാകില്ല. മണിപ്പൂർ കലാപമാണ് അവരുടെ മനസിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ.ഡിയുടെ പേടിപ്പെടുത്തലിനെ രാഷ്ട്രീയമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഐസക്. രാജ്യത്തെ ഏതെങ്കിലും ബി.ജെ.പി നേതാവിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നുണ്ടോയെന്നാണ് ചോദ്യം. പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്യുന്ന തോമസ് ഐസക് സെമിനാറുകളും പൊതു പരിപാടികളുമായി മണ്ഡലത്തിൽ സജീവമാണ്.

ബി.ജെ.പിയും സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി മണ്ഡലത്തിൽ സജീവമാണ്. ജനപക്ഷം പാർട്ടി പിരിച്ചുവിട്ട് എൻ.ഡി.എയിലേക്കെത്തിയ പി.സി.ജോർജിനു പത്തനംതിട്ടയിൽ മത്സരിക്കണമെന്നുണ്ട്. ''എനിക്ക് അയ്യപ്പന്റെ മണ്ണിൽ മത്സരിച്ചാൽ കൊള്ളാമെന്നുണ്ട്. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയായി ബി.ജെ.പി കേന്ദ്ര നേതൃത്വം എന്നെ പരിഗണിക്കുന്നുണ്ട്. മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും"". എന്നാണ് പി.സി കഴിഞ്ഞ ദിവസം പുല്ലാട് വച്ച്മാദ്ധ്യമങ്ങളോട് പറഞ്ഞത്. പി.സിയോട് ബി.ഡി.ജെ.എസിനു അതൃപ്തിയുണ്ടെന്നാണ് സൂചന. പത്തനംതിട്ടയിൽ പി.സി.ജോർജ് മത്സരിച്ചാൽ എട്ടുമണിക്കേ പൊട്ടുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. യുവ സ്ഥാനാർത്ഥിയെന്ന നിലയിൽ ഷോണിനെ പരീക്ഷിച്ചേക്കാം. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയെ മത്സരിപ്പിക്കണമെന്ന് ആവശ്യവും ബി.ജെ.പിയിൽ ഉയർന്നിട്ടുണ്ട്. ക്രൈസ്തവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ സഭാ മേലദ്ധ്യക്ഷരുമായി ശ്രീധരൻപിള്ളയ്ക്കുള്ള ബന്ധം നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

ആന്റോ ആന്റണി തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നത്. സമരാഗ്നി ജാഥയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനും ഇന്ന് ജില്ലയിലുണ്ട്. സമരാഗ്നിയിലൂടെ പ്രചാരണത്തിന്റെ ജ്വാല തെളിയിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. ആന്റോ ആന്റണിയാണ് സമരാഗ്നി സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ. വൻ സമ്മേളനം നടത്തി ശക്തി തെളിയിക്കലാണ് ലക്ഷ്യം. യുവ സ്ഥാനാർത്ഥി എന്ന രാഹുൽ മാങ്കൂട്ടത്തിലിനെയും പരിഗണിക്കുന്നുണ്ട്.

Advertisement
Advertisement