ഗുരുധർമ്മ പ്രചാരണത്തിന് പദ്ധതിയുമായി ശിവഗിരിമഠം

Saturday 24 February 2024 12:50 AM IST

ശിവഗിരി : ശ്രീനാരായണ ഗുരുദേവ സന്ദേശ പ്രചാരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ശിവഗിരിമഠം പഠനക്ലാസുകളും ക്യാമ്പുകളും ആരംഭിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു. ഗുരുദേവൻ സ്ഥാപിച്ച ബ്രഹ്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഹ്രസ്വകാല കോഴ്സ് മാർച്ച് 10 മുതൽ 19 വരെയാണ്. ഗുരുദേവകൃതികൾ, ഭാരതീയദർശനങ്ങൾ, വേദാന്തശാസ്ത്രം എന്നിവയെ ആസ്പദമാക്കിയുളള പഠനക്യാമ്പിൽ ജാതിമത ഭേദമെന്യേ പഠിതാക്കളാകാം. ശിവഗിരിമഠത്തിൽ താമസിച്ച് സന്യാസിമാരുമായി സഹവസിച്ചുളള കോഴ്സിൽ പങ്കെടുക്കുന്നവരിൽ നിന്ന് വിജയികളായി തിരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തി വിശേഷാൽ ക്ലാസും സംഘടിപ്പിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.

ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ ശാരദ പ്രതിഷ്ഠാ വാർഷികോത്സവമായി എല്ലാ വർഷവും നടത്തുന്ന ശ്രീനാരായണധർമ്മ മീമാംസാ പരിഷത്ത് ഏപ്രൽ 21, 22, 23 തീയതികളിൽ ശിവഗിരിയിൽ നടക്കും. മുന്നോടിയായി മണ്ഡല യൂണിറ്റ് തലങ്ങളിൽ പരിഷത്തുകൾ ഉണ്ടാകും. ഗുരുദേവകൃതികൾ, ആലുവാ സർവ്വമതസമ്മേളന ശതാബ്ദി, വൈക്കം സത്യഗ്രഹ ശതാബ്ദി, കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി എന്നിവയെ ആസ്പദമാക്കി ധർമ്മ മീമാംസാ പരിഷത്തുകൾ രാജ്യമൊട്ടാകെ നടത്താൻ നിർദ്ദേശം നൽകിയിട്ടിണ്ട്. സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ഗുരുദേവകൃതികളെയും ഗുരുദേവദർശനത്തെയും ആസ്പദമാക്കി ഫെബ്രുവരി 23, 24, 25 തീയതികളിൽ തൃശൂർ പെരിങ്ങോട്ടുകരയിലും മാർച്ച് 29, 30, 31 തീയതികളിൽ ഹരിപ്പാട് കുമാരപുരത്തും ഏപ്രിൽ 10 മുതൽ 13 വരെ പേരാമ്പ്ര ഗുരുചൈതന്യ മഠത്തിലും ഏപ്രിൽ 18 മുതൽ 20 വരെ എറണാകുളം ശ്രീനാരായണ സേവാസംഘത്തിലും ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനവും നടത്തും. ധർമ്മമീമാംസാ പരിഷത്ത്, പഠനക്ലാസ്, ദിവ്യപ്രബോധന ധ്യാനം എന്നിവ നടത്തുന്നതിന് ബന്ധപ്പെടാവുന്നതാണ്. 9447551499.

#കുട്ടികൾക്ക് അവധിക്കാല ക്ളാസ്

കുട്ടികളിൽ ഗുരുഭക്തിയും സദ്ഗുണങ്ങളും ആചാരാനുഷ്ഠാനങ്ങളും സദാചാരനിഷ്ഠയും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾക്കായി പ്രത്യേകം അവധിക്കാലക്ലാസുകൾ നടത്തുക. ഏപ്രിൽ 6 മുതൽ 21 വരെയാണ് ക്ലാസുകൾ. 5 -ാം ക്ലാസ് മുതൽ 12 വരെയുളള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഹ്രസ്വകാല കോഴ്സിനും അവധിക്കാല ക്ലാസിനും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ ഫീസടയ്ക്കാനുളള വിവരങ്ങൾക്ക് ബന്ധപ്പെടണം.-9495408935, 8129963336, 7012721492