50 രൂപ ലാഭിക്കാമെന്ന് കരുതി ഹരിതകർമസേനയ്ക്ക് മാലിന്യം നൽകാതിരിക്കല്ലേ; കിട്ടാൻപോകുന്നത് എട്ടിന്റെ പണി

Saturday 24 February 2024 12:06 PM IST

കണ്ണൂർ: മാലിന്യസംസ്കരണമേഖലയിലെ സേവനം വർദ്ധിച്ചത് പരിഗണിച്ച് ഹരിത സേനയുടെ അംഗബലം വർദ്ധിപ്പിക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പ് പഞ്ചായത്തുകൾക്കും നഗരസഭയ്ക്കും ഇതിനായി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഒരു ഹരിതസേനാംഗം ദിവസം കുറഞ്ഞത് 50 വീടുകളെന്ന നിലയിലാണ് നിലവിൽ ജോലി ചെയ്യുന്നത്.ഇത് ആനൂപാതികമല്ലെങ്കിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാമെന്നതാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിലവിലുള്ള ഹരിതസേനാഗംങ്ങളുടെ എണ്ണം പര്യാപ്തമാണോയെന്ന് വിലയിരുത്താം. പ്രവൃത്തികൾക്ക് ആനുപാതികമായി ഹരിതസേനയ്ക്ക് അംഗബലമില്ലെന്ന് ബോധ്യപ്പെട്ടാൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്താം. നിലവിൽ ഹരിത കർമ്മ സേനയിൽ ഒരു വാ‌‌ർഡിൽ പരമാവധി രണ്ട് ഹരിത സേനാംഗങ്ങളാണുള്ളത്.എന്നാൽ ഇത് അപര്യാപ്തമാണെന്ന പരാതി നേരത്തെയുണ്ട്. ഭൂമിശാസ്ത്രപരമായ കിടപ്പ് ,കെട്ടിടങ്ങളുടെ അകലം ,മാലിന്യ സംസ്കരണ മേഖലയിലെ സേവനം വർദ്ധിക്കുന്നത് എന്നിവ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിന്റെ മാനദണ്ഡമാണ്.

കഠിനമാണ് കണ്ണൂരിലെ കാര്യം

ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഹരിത കർമ്മസേന കഴിഞ്ഞവർഷങ്ങളിൽ ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ചത് കണ്ണൂർ ജില്ലയിൽ നിന്നാണ്. സേനാംഗങ്ങളുടെ എണ്ണത്തിലെ കുറവ് പലപ്പോഴും നിലവിലുള്ളവരുടെ ജോലി ഭാരം ഇരട്ടിപ്പിക്കുന്ന സാഹചര്യവും ഇവിടെയുണ്ട്. മാലിന്യംശേഖരിക്കുന്നതിനായി വിസ്തൃതിയേറിയ പ്രദേശം ചുറ്റേണ്ട അവസ്ഥയാണ് ഭൂരിഭാഗം ഹരിതസേനാംഗങ്ങൾക്കും . അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നിർദേശം കണ്ണൂരിൽ ഹരിതസേനയുടെ ജോലിഭാരം കുറക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും.

യൂസേഴ്സ് ഫീ ₹50

കണ്ണൂരിൽ ഹരിതസേന അംഗബലം 1960

മടി വേണ്ട,​ മാലിന്യം നൽകിയേ പറ്റു

നിലവിൽ വീടുകളിൽ എത്തുന്ന ഹരിതസേനാംഗങ്ങൾക്ക് അൻപത് രൂപ യൂസേഴ്സ് ഫീ നൽകാൻ മടിച്ച് പ്ലാസ്റ്റിക് അടക്കും കത്തിച്ചുകളയുന്ന പ്രവണത വലിയൊരു വിഭാഗത്തിനുണ്ട്. എന്നാൽ ഇത്തരം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ശക്തമായ നടപടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.ഹരിതകർമ്മ സേനയിൽ രജിസ്റ്റർ ചെയ്ത് ജൈവമാലിന്യം സ്വന്തമായും അജൈവമാലിനും ഹരിതകർമ്മ സേനയ്ക്ക് കൈമാറാനുമാണ് കണ്ണൂർ കോർപ്പറേഷൻ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളുടെ തീരുമാനം. ഇതിന് തയ്യാറാകാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പിഴ ചുമത്താനും ആവശ്യ സേവനങ്ങൾ തടയാനുമാണ് കോർപറേഷന്റെ തീരുമാനം.