ഇന്ന് പൊങ്കാല പുണ്യം, 10.30ന് ആരംഭം; 2.30ന് നിവേദ്യം
തിരുവനന്തപുരം: അനന്തപുരിയുടെ പാതയോരങ്ങളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം സ്ത്രീലക്ഷങ്ങൾ അടുപ്പുകൂട്ടി ഇഷ്ടവരദായിനി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ കാത്തിരിക്കുന്നു. ഇന്നു രാവിലെ 10.30നാണ് ആ ധന്യമുഹൂർത്തം.
പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുമ്പോൾ അനന്തപുരി യാഗഭൂമിയാകും. വെള്ളപ്പൊങ്കൽ, കടുംപായസം, തെരളി, മണ്ടപ്പുറ്റ്... അമ്മയുടെ ഇഷ്ടവിഭവങ്ങൾ ഒന്നൊന്നായി ഒരുങ്ങും. ഭക്തലക്ഷങ്ങൾക്ക് കുടിനീരും ഭക്ഷണവും നൽകാൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും മത്സരിക്കും. എല്ലാം മംഗളമാക്കാൻ പൊലീസും ഫയർഫോഴ്സും ആരോഗ്യവകുപ്പും നഗരസഭയുമൊക്കെ സർവസജ്ജം.
ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ നാൾതൊട്ട് വ്രതമനുഷ്ഠിച്ച് ശുദ്ധിനേടിയ ശരീരവും മനസുമായാണ് ഏവരുടെയും വരവ്. സ്വകാര്യ വാഹനങ്ങളിലും ബസിലും ട്രെയിനിലുമായെത്തിയ അന്യജില്ലക്കാർ ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളും ഇടവഴികളുമൊക്കെ കൈയടക്കി. തമിഴ്നാട്, കർണ്ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ എത്തിയിട്ടുണ്ട്. കൂടാതെ വിദേശികളും.
10.30ന് ആരംഭം; 2.30ന് നിവേദ്യം
പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം രാവിലെ 10.30ന് അടുപ്പു വെട്ട്
തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലിൽ നിന്ന് ദീപം പകരും
വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിക്കുന്നത് മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരി
ദീപം പണ്ടാര അടുപ്പിലേക്ക് പകരുന്നത് സഹ മേൽശാന്തി
ചെണ്ടമേളവും മൈക്കിലൂടെ അറിയിപ്പും കേട്ടശേഷമേ അടുപ്പുകളിൽ തീപകരാവൂ
2.30ന് നിവേദ്യം. തീർത്ഥം തളിക്കാൻ 300 ശാന്തിക്കാർ
നിവേദ്യ സമയത്ത് മൂന്ന് സെസ്ന വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടി
രാത്രി 7.30ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്, 11ന് പുറത്തെഴുന്നള്ളത്ത്