ഇൻസ്റ്റഗ്രാമിലേക്ക് ചുവടുമാറ്റി അനധികൃത ലോട്ടറി കച്ചവടം

Sunday 25 February 2024 4:53 AM IST

കൊച്ചി: കോടികൾ സമ്മാനമടിക്കുമെന്ന് സ്വപ്നം കണ്ട് ഇൻസ്റ്റഗ്രാം വഴി കേരള ലോട്ടറി വാങ്ങി പണം നഷ്ടമാകുന്ന മറുനാട്ടുകാർ ഏറെ. ഇൻസ്റ്റഗ്രാമിന് പ്രചാരമേറിയതോടെ ഫേസ്ബുക്കിൽ നിന്ന് അനധികൃത ഓൺലൈൻ ലോട്ടറി കച്ചവടക്കാർ കൂട്ടത്തോടെ അങ്ങോട്ട് ചേക്കേറുകയായിരുന്നു. തമിഴ്നാട് സംഘങ്ങളുടെ മേധാവി​ത്വമുള്ള ഓൺ​ലൈൻ ലോട്ടറി​ കച്ചവടത്തി​ൽ മലയാളി​കളും സജീവം.

പണമടയ്ക്കുന്നവർക്ക് ലോട്ടറിയുടെ ഫോട്ടോ അയച്ചു കൊടുക്കും. ഒരേ ടിക്കറ്റാകും പലർക്കും വിൽക്കുന്നത്. സമ്മാനമടിച്ചാൽ വാങ്ങിയ ആളെ ബ്ളാേക്ക് ചെയ്ത് കച്ചവടക്കാർ മുങ്ങും. അയൽ സംസ്ഥാനക്കാരാണ് തട്ടിപ്പിന് ഇരയാകുന്നവരിൽ ഏറെയും.ടിക്കറ്റുകൾ കൊറിയറിലോ തപാലിലോ അയച്ചു നൽകാമെന്ന വാഗ്ദാനമുണ്ടെങ്കിലും നടക്കാറില്ല. ടിക്കറ്റിന്റെ ഫോട്ടോ കാണിച്ചാൽ ലോട്ടറി വകുപ്പ് സമ്മാനവും നൽകില്ല. നേരത്തെ ബമ്പർ ടിക്കറ്റുകളാണ് വില്പന നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഡെയ്ലി ടിക്കറ്റടക്കം സെറ്റായും അല്ലാതെയും ഇൻസ്റ്റഗ്രാമിൽ ലഭി​ക്കും. അവസാന നാലക്കം ഒരു പോലെ വരുന്ന 12 ടിക്കറ്റിന്റെ സെറ്റിന് 450 രൂപയാണ് വില. ഓരോന്നിനും 40 രൂപ വിലയുള്ള ടിക്കറ്റാണിത്.

ഇത്തരം ഇടപാടുകൾക്കെതിരെ ലോട്ടറി വകുപ്പ് പലതവണ അന്യഭാഷകളിലുൾപ്പെടെ മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായി​ല്ല. ഓൺലൈൻ വില്പന തടയുന്നതിന് ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജുകളിലും പരസ്യം നൽകിയിട്ടുണ്ട്. ശ്രദ്ധയിൽപ്പെടുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പൊലീസിന്റെ സഹായത്തോടെ ബ്ളോക്ക് ചെയ്യൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.അനധികൃത ഓൺലൈൻ ലോട്ടറി വില്പനയെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലോട്ടറി വകുപ്പി​ന്റെ പരാതി​യി​ൽ പൊലീസും കേസെടുത്തിട്ടുണ്ട്.

ഓൺലൈൻ വില്പനയ്ക്കെതിരെ എ.ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ശ്രദ്ധയിൽപ്പെട്ടിട്ടുള്ള എല്ലാ അക്കൗണ്ടുകളും പൊലീസിന് കൈമാറിയിട്ടുണ്ട്.

-എബ്രഹാം റെൻ

ഡയറക്ടർ

ലോട്ടറി വകുപ്പ്

Advertisement
Advertisement