വന്യമൃഗങ്ങളെ വേട്ടയാടാൻ അധികാരമില്ല: എ.കെ.ശശീന്ദ്രൻ

Sunday 25 February 2024 12:40 AM IST

തിരുവനന്തപുരം: നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ വേട്ടയാടാനോ വെടിവച്ചുകൊല്ലാനോ അധികാരമില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കേരളകൗമുദിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:-

?ബിഷപ്പ് പാംപ്ലാനി പറയുന്നു കടുവയാണ് മന്ത്രിയെക്കാൾ ഭേദമെന്ന്

അദ്ദേഹം വലിയ മനുഷ്യനാണ്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഷയിൽ മാത്രമേ സംസാരിക്കൂ എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

?നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ നേരിടാൻ കർശന നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ട്

പ്രായോഗികവും നിയമപരവുമായ പ്രശ്‌നങ്ങളാണ് തടസം. വന്യമൃഗങ്ങളെ പിടികൂടാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാലേ മയക്കുവെടിവച്ച് പിടികൂടാനാകൂ. അതിനുള്ള അധികാരം വൈൽഡ് ലൈഫ് വാർഡനുണ്ടെങ്കിലും ഗൈഡ്‌ലൈൻസിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുവർത്തിക്കണമെങ്കിൽ സമയമെടുക്കും.

?വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള അധികാരം ഉദ്യോഗസ്ഥർക്കില്ലേ

വന്യമൃഗങ്ങളെ വേട്ടയാടാൻ അധികാരമില്ല. മയക്കുവെടിവയ്ക്കാനാണ് അധികാരം. നിലവിലെ നിയമം ഉപയോഗിച്ചാണ് മയക്ക് വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് കൊടുക്കുന്നത്. ഉത്തരവിടാൻ കാലതാമസമുണ്ടാകുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന വ്യാപക പരാതി. ഒരു സ്ഥലത്ത് കാട്ടാനയിറങ്ങി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടാൽ വാർഡ് മെമ്പർ, എൻ.ജി.ഒ പ്രതിനിധി, ഡി.എഫ്.ഒ, സി.സി.എഫ് പ്രതിനിധി, പി.സി.സി എഫ് പ്രതിനിധി എന്നിവരുൾപ്പെട്ട ആറംഗ കമ്മിറ്റി രൂപീകരിച്ച് യോഗം ചേർന്ന് മയക്കുവെടിവയ്ക്കാൻ സി.സി.എഫിനു ശുപാർശ നൽകണം. അത് സി.സി.എഫ് പിന്നീട് പി.സി.സിഎഫിനു അയയ്ക്കണം. ഈ അധികാരം സി.സി.എഫിനു കൊടുക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. നിയമത്തിലും ചട്ടങ്ങളിലും പരിഷ്‌കാരം വേണം. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള അനാവശ്യകാലതാമസം ഒഴിവാക്കും. ഇതോടെ ജനരോഷം കുറയും. എന്നാൽ നിയമത്തിൽ മാറ്റം വരുത്തില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ നിലപാട്.

?13 കോടിയുടെ പാക്കേജ് എങ്ങനെ നടപ്പാക്കും?

ട്രഞ്ചുകൾ കുഴിക്കുക, സോളാർ ഫെൻസിംഗുകൾ സ്ഥാപിക്കുക തുടങ്ങിയ നടപടികൾ ത്വരിതഗതിയിലാക്കുന്നതിനു വേണ്ടിയാണു തുക ഉപയോഗിക്കുക. ജീവനക്കാർക്ക് തോക്ക്, മൃഗങ്ങളെ നിരീക്ഷിക്കാൻ ക്യാമറ എന്നിവയടക്കമുള്ള ആധുനിക പ്രതിരോധപ്രവർത്തനങ്ങൾക്ക് തുക ചെലവഴിക്കും.

?മന്ത്രിസ്ഥാനം വേണമെന്ന് തോമസ് കെ.തോമസ് ആവശ്യപ്പെടുന്നുണ്ടല്ലോ

ഉത്തരവാദിത്വപ്പെട്ട ഒരു കേന്ദ്രത്തിലും അദ്ദേഹം ആവശ്യമുന്നയിച്ചിട്ടില്ല. മന്ത്രിമാരെ തീരുമാനിക്കുന്നത് എൻ.സി.പി കേന്ദ്ര കമ്മിറ്റിയാണ്. നിലവിലെ പ്രസിഡന്റായ ശരദ്പവാറുമായാണ് തോമസ് സംസാരിക്കേണ്ടത്. ദേശീയ നേതൃത്വത്തെക്കണ്ട് താത്പര്യമറിയിച്ചാൽ അത് ന്യായമാണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടാൽ എന്നെ മാറ്റി അദ്ദേഹത്തിനു മന്ത്രിസ്ഥാനം നൽകും. സംഘടനാ നടപടിക്രമങ്ങൾ അറിയാതെ മറ്റു പലയിടത്തും അദ്ദേഹം ഇതു പറയുന്നതായി വാർത്തകളിൽ കാണുന്നു. അതാണ് അദ്ദേഹത്തിന്റെ പോരായ്മ.

?ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ സാദ്ധ്യത

വളരെ പ്രതീക്ഷാനിർഭരമാണ്. കഴിഞ്ഞ തവണത്തെ ഫലത്തിൽ നിന്നു ഗ്രാഫ് ഉയരും.

Advertisement
Advertisement