26 പൊലീസുകാരുടെ കഥ 'പരേഡ്' പ്രകാശനം ചെയ്തു

Sunday 25 February 2024 12:32 AM IST
കേരള പൊലിസിലെ 26 സേനാംഗങ്ങള്‍ എഴുതിയ കഥകളുടെ സമാഹാരം പരേഡ് പുസ്്തക പ്രകാശനം കോഴിക്കോട് പൊലിസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ യു.കെ കുമാരന്‍ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

കോഴിക്കോട്: കള്ളന്മാരുടെ പിറകെ ഓടി പിടിക്കാൻ മാത്രമല്ല കഥകളെഴുതാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് 26 പൊലീസുകാർ.

സംസ്ഥാന പൊലീസ് സേനയിലെ 26 ഉദ്യോഗസ്ഥർ എഴുതിയ കഥകൾ ഉത്തരമേഖല ഐ.ജി കെ. സേതുരാമൻ എഡിറ്റ് ചെയ്ത് ജി.വി ബുക്ക്സ് ‘പരേഡ്’ എന്ന പേരിൽ പുസ്തകമാക്കി പുറത്തിറക്കി.

കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് കോഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ യു.കെ. കുമാരൻ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. രാജു കാട്ടുപുനം അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ പുസ്തകപരിചയം നടത്തി. ഐ.ജി കെ. സേതുരാമൻ, ജി.വി. രാകേഷ്, ജില്ല പൊലീസ് മേധാവി രജ്പാൽ മീണ, ‘കാവൽ കൈരളി’ എഡിറ്റൽ സനൽ ചക്രപാണി, കേരള പൊലീസ് ഓഫിസേഴ്സ് ​അസോ. ജില്ല സെക്രട്ടറി പി. രജേന്ദ്ര രാജ, കേരള പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി പി.ആർ. രഘീഷ് തുടങ്ങിയവർ പ്രസംഗിച്ചു. കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി സെക്രട്ടറി പി.കെ. രതീഷ് സ്വാഗതവും ജി.വി. ഋഷീന നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് രാവിലെ നടന്ന സാഹിത്യ സൗഹൃദ കൂട്ടായ്മ ഐ.ജി കെ. സേതുരാമൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ മുഹമ്മദ് അബ്ബാസ്, ജിസ ജോസ്, സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. എ.കെ. അബ്ദുൾ ഹക്കീം എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.

Advertisement
Advertisement