യാഗശാലയായി അനന്തപുരി, പണ്ടാര അടുപ്പിൽ തീ പകർന്നു; ഭക്തലക്ഷങ്ങൾക്ക് സാഫല്യമായി ആറ്റുകാൽ പൊങ്കാല

Sunday 25 February 2024 10:45 AM IST

തിരുവനന്തപുരം: പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ 10.30ഓടെ പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്നി പകർന്ന് അനന്തപുരി യാഗഭൂമിയായി മാറിയിരിക്കുകയാണ്.

പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷമാണ് 10.30ഓടെ അടുപ്പു വെട്ട് നടന്നത്. തുടർന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലിൽ നിന്ന് ദീപം പകർന്നു. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചത് മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരിയാണ്. പിന്നാലെ സഹ മേൽശാന്തി ദീപം പണ്ടാര അടുപ്പിലേക്ക് പകർന്നു.

ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എം പിമാരായ ശശി തരൂർ, കെ മുരളീധരൻ, എ എ റഹീം, ബിജെപി നേതാക്കളായ ഒ രാജഗോപാൽ, ജി കൃഷ്ണകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 2.30നാണ് നിവേദ്യം. തീർത്ഥം തളിക്കാൻ 300 ശാന്തിക്കാരെ ചുമതലപ്പെടുത്തിയുട്ടുണ്ട്.