ഫ്രൈഡ് റൈസ് മുതൽ ഐസ്ക്രീം വരെ; ആറ്റുകാൽ പൊങ്കാല ഇടാൻ എത്തിയവർക്ക് സൗജന്യ ഭക്ഷണം ഒരുക്കി വിവിധ സംഘടനകൾ
തിരുവനന്തപുരം: ഇന്ന് 10.35ന് പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ലക്ഷക്കണക്കിന് ഭക്തരാണ് ഇന്ന് തിരുവനന്തപുരത്ത് എത്തിയത്. പൊങ്കാല അടുപ്പുകളിൽ തീ പകർന്നതോടെ നഗരം അക്ഷരാർത്ഥത്തിൽ യാഗഭൂമിയായി മാറുകയായിരുന്നു. കനത്ത ചൂടിനെ വകവയ്ക്കാതെയാണ് ഭക്തർ അമ്മക്ക് പൊങ്കാല അർപ്പിക്കാനെത്തിയത്. ഭക്ത ജനങ്ങൾക്കായി നിരവധി സ്ഥലങ്ങളിലാണ് ഭക്ഷണവും വെള്ളവും ഒരുക്കിയിരിക്കുന്നത്. വിവിധ സംഘടനങ്ങളുടെ നേതൃത്വത്തിലാണ് ഇത്.
ഫ്രൈഡ് റൈസ്, ഐസ്ക്രീം തുടങ്ങി വിഭവ സമൃദ്ധമായ സദ്യവരെ ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്. ചില സ്വകാര്യ ഹോട്ടലുകളിലും ഭക്തർക്കായി സൗജന്യ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. 5000 പേർക്ക് വരെ ആഹാരം ഒരുക്കിയ ക്ലബുകളും തിരുവനന്തപുരത്ത് ഉണ്ട്. ഈ ദിവസം തിരുവനന്തപുരത്തെത്തുന്ന ആരും തന്നെ വിശന്നിരിക്കേണ്ട അവസ്ഥവരുകയില്ലെന്നാതാണ് പ്രധാനം. വിവിധ ക്ഷേത്രങ്ങളിലും അന്നദാനം ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് ഭക്ഷണ വിതരണം നടത്തുന്നത്. നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന് സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്. ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുന്നുണ്ട്.
പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷമാണ് 10.30ഓടെ അടുപ്പു വെട്ട് നടന്നത്. തുടർന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലിൽ നിന്ന് ദീപം പകർന്നു. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചത് മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരിയാണ്. പിന്നാലെ സഹ മേൽശാന്തി ദീപം പണ്ടാര അടുപ്പിലേക്ക് പകർന്നു.
ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എം പിമാരായ ശശി തരൂർ, കെ മുരളീധരൻ, എ എ റഹീം, ബിജെപി നേതാക്കളായ ഒ രാജഗോപാൽ, ജി കൃഷ്ണകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 2.30നാണ് നിവേദ്യം. തീർത്ഥം തളിക്കാൻ 300 ശാന്തിക്കാരെ ചുമതലപ്പെടുത്തിയുട്ടുണ്ട്.